• Fri. Sep 20th, 2024
Top Tags

സീബ്രാ ലൈനിൽ പറന്നാൽ പിഴ വീട്ടിൽ വരും; 2 മാസത്തിനകം 1000 കേസുകൾ

Bydesk

Mar 13, 2023

ഇരിട്ടി• കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന ഡ്രൈവർമാരെ കുടുക്കുകയാണു ലക്ഷ്യം. 2 മാസത്തിനകം ഇത്തരം നിയമ ലംഘനത്തിന് 1000 കേസുകളാണ് ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് റജിസ്റ്റർ ചെയ്തത്.മറ്റു മോട്ടർ വാഹന കേസുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം നിയമ ലംഘകരെ തടഞ്ഞു വച്ചു കയ്യോടെ പിടികൂടി പിഴ അടപ്പിക്കുന്ന രീതി അല്ല, സീബ്ര ലൈൻ കേസിൽ ഉള്ളത്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറും. സ്ഥലത്ത് വച്ച് പിടികൂടില്ല. കോടതിയിൽ നിന്ന് നോട്ടിസ് വരുമ്പോൾ മാത്രം ആണു വാഹനം ഉടമ അറിയുക. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സീബ്രാ ലൈൻ ലംഘകരെ പിടികൂടാ‍ൻ ശക്തമായ നടപടിക്കു തീരുമാനിച്ചതെന്നു എൻഫോഴ്സ്മെന്റ് ആർടിഒ എ.സി.ഷീബ അറിയിച്ചു.ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും പരിശോധന നടത്തുന്നുണ്ട്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റോണി വർഗീസ്, പി.വി.ബിജു, പി.കെ.ജഗൻലാൽ, ഇ.ജയറാം, പി.ജെ.പ്രവീൺകുമാർ, കെ.ബി.ഷിജോ, ഷൈല്ലി, എഎംവിഐമാരായ ആർ.സനൽ, ശ്രീനാഥ്, കെ.കെ.സുജിത്ത്, സുമോദ് മോഹൻ എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ മോട്ടർ വാഹന നിയമ ലംഘനങ്ങളിലായി കഴിഞ്ഞ 2 മാസത്തിനിടെ 11000 കേസുകൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. 1.68 കോടി രൂപ അടപ്പിച്ചു. രാത്രി എതിരെ വാഹനങ്ങൾ വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്തു നൽകാതിരിക്കുന്നവർക്കു എതിരെ കർശന നടപടി എടുക്കാനും തീരുമാനമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *