• Fri. Sep 20th, 2024
Top Tags

ഒരു ഗ്ലാസിനു 10 രൂപ, ദിവസവും 400 രൂപയുടെ കച്ചവടം; കുട്ടിക്കൂട്ടത്തിന്റെ മോരുംവെള്ളം നാട്ടിൽ ഹിറ്റ്

Bydesk

Apr 10, 2023

ചെറുപുഴ∙ പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചതോടെ വിനോദ യാത്ര നടത്താനും ബന്ധുവീടുകൾ സന്ദർശിക്കാനും വാശി പിടിക്കുന്ന കുട്ടികളിൽ നിന്നു തികച്ചും വ്യത്യസ്തരാണു പാണ്ടിക്കടവിലെ 3 വിദ്യാർഥികൾ. പുതിയ അധ്യായന വർഷത്തിൽ ബാഗും കുടയും മറ്റു ചെലവുകൾക്കും വേണ്ട പണം കണ്ടെത്താൻ മോരുംവെള്ളം വിൽപന നടത്തുകയാണു ഈ മൂവർ സംഘം.

പാണ്ടിക്കടവ് തടയണയ്ക്ക് സമീപം താൽക്കാലിക പന്തൽ കെട്ടി കഴിഞ്ഞ 5 ദിവസമായി ഇവർ മോരുംവെള്ളം വിൽപന നടത്തിവരികയാണ്. ചെറുപുഴ ജെഎം യുപി സ്കൂളിലെ വിദ്യാർഥികളായ കെ.യദുകൃഷ്ണൻ, കെ.ശിവന്യ, ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥി കെ.വി.വിഷ്ണുദേവ് എന്നിവരാണു മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ പഠന ചെലവിലുള്ള പണം കണ്ടെത്താൻ മോരുംവെള്ളം വിൽപന നടത്തുന്നത്.

ഇതിൽ യദുകൃഷ്ണനും ശിവന്യയും സഹോദരങ്ങളാണ്. മുളക്, ഇഞ്ചി, കറിവേപ്പില തുടങ്ങിയവ ചേർത്തു യദുകൃഷ്ണന്റെയും ശിവന്യയുടെയും വലിയമ്മയാണു മോരുംവെള്ളം തയാറാക്കി നൽകുന്നത്. ഇത് മൺകലത്തിലാക്കി തടയണയുടെ സമീപത്തെ പന്തലിൽ എത്തിച്ചാണു വിൽപന നടത്തുന്നത്. മോരുംവെള്ളം ഏറെ സ്വാദിഷ്ടമായതിനാൽ ഒട്ടേറെ ആളുകളാണു ഇത് കുടിക്കാൻ ഇവിടെ എത്തുന്നത്.

ഒരു ഗ്ലാസ് മോരുംവെളളത്തിനു 10 രൂപയാണു വില. ദിവസവും 400 രൂപയുടെ കച്ചവടം നടക്കുന്നതായി കുട്ടികൾ പറയുന്നു. ഇതിൽ എല്ലാ ചെലവുകളും കഴിഞ്ഞു 200 രൂപ മിച്ചം വരും. മിച്ചം വരുന്ന തുക സൂക്ഷിച്ചു വച്ചു സ്കൂൾ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാനാണു 3 പേരുടെയും തീരുമാനം. വേനൽചൂട് കടുത്തതോടെ വിൽപനയെ കുറിച്ചു കേട്ടറിഞ്ഞു ഒട്ടേറെ ആളുകളാണു മോരും വെളളം കുടിക്കാൻ പാണ്ടിക്കടവ് തടയണ പരിസരത്ത് എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *