• Fri. Sep 20th, 2024
Top Tags

ഉത്സവാഘോഷ തിരക്കിൽ നാട്

Bydesk

Apr 13, 2023

കണ്ണൂർ ∙ നാടും നഗരവും വിഷു – റമസാൻ ഉത്സവ ആഘോഷ തിരക്കിൽ. പ്രദർശന വിൽപന മേളകളും തെരുവോര വിപണികളും കൊണ്ടു സജീവമാണ് നഗരങ്ങൾ. വിഷുവിന് 2 ദിവസവും പെരുന്നാളിനു ചുരുങ്ങിയ ദിവസവും മാത്രം ബാക്കിനിൽക്കെ ആഘോഷ ലഹരിയാണ് എങ്ങും. മധ്യവേനൽ അവധി കൂടിയായതോടെ തിരക്കേറി. വൈകിട്ടാകുന്നതോടെ കണ്ണൂർ നഗരത്തിലെ വിപണന മേളകളിൽ വൻ ജനത്തിരക്കാണ്. തെരുവോര വിപണിയാണു താരം. കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനാൽ ഒട്ടേറെപ്പേരാമു തെരുവോര വിപണിയെ ആശ്രയിക്കുന്നത്. മൺപാത്രങ്ങൾക്കാണ് ഡിമാൻഡ്. 30 മുതൽ 470 രൂപ വരെയുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും വാങ്ങാം. കറിക്കലം, മൺകൂജ, കപ്പുകൾ, കണിക്കലം തുടങ്ങി ആവശ്യമുള്ളതെന്തും വിപണിയിലുണ്ട്.

തുണിത്തരങ്ങളുടെ വിപുലമായ ശ്രേണിയുമായി സ്റ്റേഡിയം കോർണറിൽ തെരുവോര വസ്ത്ര വിപണിയും സജീവമാണ്.കുഞ്ഞുടുപ്പുകൾ, ബെഡ്ഷീറ്റുകൾ, ലുങ്കികൾ, ചുരിദാർ, സാരി എന്നിവയും കുറഞ്ഞ വിലയ്ക്കു ലഭ്യമാണ്. ഇതിനു പുറമേ ബാഗുകൾ, പൂച്ചെടികൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ടൗൺ സ്ക്വയറിൽ കൈത്തറി മേളകളും പൊലീസ് മൈതാനിയിൽ ദിനേശ് മേളയും നടക്കുന്നുണ്ട്. 20 ശതമാനം ഗവ. റിബേറ്റിലാണു കൈത്തറി വസ്ത്ര വിൽപന. വിലക്കുറവിൽ തുണിത്തരങ്ങളും മറ്റ് ഉൽപന്നങ്ങളും വിൽപന നടത്തുന്ന കേന്ദ്രങ്ങളിലും ആൾത്തിരക്കാണ്. വിവിധയിടങ്ങളിൽ പച്ചക്കറി വിപണന മേളകളും കുടുംബശ്രീ മേളകളും മാമ്പഴ മേളകളും പൊടിപൊടിക്കുന്നുണ്ട്.

പൊലീസ് മൈതാനിയിൽ സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുടെ സ്റ്റാളുകളും ആളുകളെ കൊണ്ടു നിറയുകയാണ്. ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഇലക്ട്രോണിക്സ് ഷോപ്പുകളും രംഗത്തുണ്ട്. കനത്ത് ചൂട് വിലങ്ങു തടിയാണെങ്കിലും ഇതൊന്നും വക വയ്ക്കാതെയാണ് ജനത്തിന്റെ ആരവം.

പടക്ക വിപണിയിൽ‌ ഠമാർ പഠാർ 

വിഷു ആഘോഷം വർണാഭമാക്കാൻ പടക്ക വിപണിയും സജീവം. അമിട്ടുകളും പൂക്കുറ്റയും നിലചക്രവുമായി വൻതിരക്കാണ് പടക്ക വിൽപനകേന്ദ്രങ്ങളിൽ‌. ഏപ്രിൽ ആരംഭിച്ചത് മുതൽ പടക്ക വിൽപന കേന്ദ്രങ്ങൾ സജീവമാണ്. 6 ഇഞ്ച് വരെയുള്ള അമിട്ടുകൾക്ക് 500 മുതൽ 600 വരെയാണു വില. ഇത്തവണയും ചൈനീസ് പടക്കം തന്നെയാണു വിപണിയിൽ ഏറെയും. ഫാൻസി ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാരേറെ. ഗോൾഡ് കോയിൻ എന്ന പേരിലുള്ള സ്വർണ നാണയം പോലെ ചിതറുന്ന പൂക്കുറ്റികൾക്ക് 250 രൂപയാണു വില. പലനിറങ്ങൾ വിതറുന്ന ടവർ പോർട് പൂക്കുറ്റിക്ക് 600 രൂപയും.

ആകാശത്തു പ്രകമ്പനം കൊള്ളുന്ന ഹൈ വോൾട്ടേജ് പടക്കത്തിന് 6500 രൂപയാണു വില. 100 മീറ്റർ വരെ ഉയർന്ന് 12 തവണ പൊട്ടിച്ചിതറുന്ന പടക്കത്തിനും വിപണിയിൽ ആവശ്യക്കാരുണ്ട്. സ്കൈ ഷോട്ടുകൾക്ക് 150 മുതൽ 4500 രൂപ വരെയാണു വില. കുഞ്ഞുങ്ങൾക്ക് ഉല്ലസിക്കാൻ 15 മുതൽ 250 രൂപ വരെയുള്ള കമ്പിത്തിരികളുമുണ്ട്. 7 സെന്റീമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെയുണ്ട് ഇതിനു നീളം. ശിവകാശിയിൽ നിന്നാണു പടക്കങ്ങൾ ഏറെയും ജില്ലയിൽ എത്തിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *