• Fri. Sep 20th, 2024
Top Tags

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും

Bydesk

Jun 3, 2023

റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് കുറഞ്ഞു.

ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്. 18 ക്യാമറകള്‍ ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്.

റോഡിലെ മുറിച്ചുകടക്കാൻ പാടില്ലാത്ത മുന്നറിയിപ്പു വരകള്‍ കടക്കുന്നത് ഇത്തരം ക്യാമറകളില്‍ കണ്ടെത്തുമെങ്കിലും തല്‍ക്കാലം പിഴയീടാക്കില്ല.റോഡില്‍ സ്ഥാപിച്ച 4 ക്യാമറകളും പ്രത്യേക വാഹനങ്ങളില്‍ സജ്ജീകരിച്ച 4 ക്യാമറകളും അമിതവേഗം കണ്ടുപിടിക്കാനുള്ളതാണ്. ബോധവത്കരണത്തിന്റെ ഭാഗമായി ഇതുവരെ 42,000 പേര്‍ക്ക് നോട്ടീസ് അയച്ചു.

അമിതവേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ഹെല്‍മറ്റ് വയ്ക്കാതിരിക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര, അനധികൃത പാര്‍ക്കിങ്, ചുവപ്പു സിഗ്‌നല്‍ ലംഘനം എന്നിവയ്ക്കാണ് തിങ്കളാ‍ഴ്ച മുതല്‍ പി‍ഴ ഈടാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *