• Fri. Sep 20th, 2024
Top Tags

ഇരിട്ടി നേരമ്പോക്ക് റോഡിൽ വെള്ളക്കെട്ട്; മഴയിൽ യാത്ര മുടങ്ങും

Bydesk

Jun 9, 2023

ഇരിട്ടി : ഒരു മഴപെയ്താൽ തോടിന് സമാനമാകും ഇരിട്ടി നേരമ്പോക്ക് റോഡ്, ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം മുഴുവൻ കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. നഗരത്തിലെ പ്രധാന ഇടറോഡുകളിൽ ഒന്നാണ് നേരംപോക്ക് റോഡ്.

താലൂക്ക് ആസ്പത്രി, അഗ്നിരക്ഷാനിലയം, ബി.എസ്.എൻ.എൽ. ഓഫീസ്, ആർ.ടി. ഓഫീസ്, സബ് ട്രഷറി, ലേബർ ഓഫീസ്, സ്റ്റേറ്റ് വെയർഹൗസ്, രണ്ട് റേഷൻകടകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവയ്ക്കൊപ്പം ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ, പ്രഗതി വിദ്യാനികേതൻ, പ്രഗതി കരിയർ ഗൈഡൻസ്, ഫാൽക്കൺ പ്ലാസ, തുളസി മലബാർ ഹോസ്പിറ്റൽ, ഇരിട്ടി കോ. ഒപ്പ്. റൂറൽ ബാങ്ക് മുതൽ നാലോളം ബാങ്കിങ് സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എല്ലാം ഈ റോഡിലാണ്.

കൂടാതെ, പ്രധാന ക്ഷേത്രങ്ങളായ കീഴൂർ മഹാദേവക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവുമെല്ലാം ഈ റോഡിന്റെ ഭാഗമാണ്. നേരത്തേ ഇരിട്ടിയിലെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും ഈ റോഡിലായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങൾ പരിഗണിക്കേണ്ടി വരുന്നതാണ് റോഡ് വികസനത്തിന് വെല്ലുവിളിയാവുന്നത്.

രണ്ടുവാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത റോഡിൽ ഏതുനേരവും ഗതാഗതസ്തംഭനമാണ്. ഓവുചാൽ സ്ഥാപിക്കാനുള്ള സ്ഥലം റോഡിന്റെ ഇരുവശങ്ങളിലുമില്ലാത്തതിനാൽ മഴവെള്ളം മുഴുവൻ റോഡിലൂടെയാണ് കുത്തിയൊഴുകുന്നത്. കുറ്റൻ കല്ലും മറ്റ് മാലിന്യവും റോഡിലൂടെ പരന്നൊഴുകും.

ചെളിവെള്ളത്തിലൂടെ തുഴഞ്ഞുവേണം ജനങ്ങൾക്ക് നടക്കാൻ. ഇതിനിടയിൽ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ കുളിപ്പിക്കുന്നതും കടകളിലേക്ക് അഴുക്കുവെള്ളം കയറുന്നതും നിത്യസംഭവമാണ്.

മഴക്കാലത്ത് റോഡിലും റോഡരികുകളിലും വന്ന് നിറയുന്ന മണ്ണ് കച്ചവടസ്ഥാപങ്ങൾക്കും വഴിയാത്രക്കാർക്കും ശല്യമാകുന്നു. പൊടിശല്യം കടകളെ മുഴുവൻ മണ്ണിൽ പൊതിയുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *