• Fri. Sep 20th, 2024
Top Tags

‘തെരുവുനായ്ക്കളുടെ അക്രമത്തില്‍ നിന്നും ഭിന്നശേഷിക്കാരെ രക്ഷിക്കണം’ : കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ. നിഹാലിൻറെ പിതാവ് നൗഷാദുമെത്തി.

Bydesk

Jun 17, 2023

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഭിന്നശേഷിക്കാരെ രക്ഷിക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിൽ  നടന്ന പ്രതിഷേധ ധർണ്ണയില്‍ സാന്നിധ്യമായി മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവുനായ്ക്കളുടെ കടിയേറ്റു കൊല്ലപ്പെട്ട നിഹാലിന്റെ പിതാവും പ്രവാസിയുമായ നൗഷാദും.

മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ അതിദാരുണമായി ജീവന്‍ നഷ്ടമായ നിഹാല്‍ നൗഷാദിന്റെ  കുടുംബത്തോട് നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസ്ട്രിക്‌ട് പരിവാറെന്ന സംഘടനയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ  ശ്രദ്ധ ക്ഷണിക്കല്‍ റാലിയിലും പ്രതിഷേധധർണ്ണയിലുമാണ് അദ്ദേഹം പങ്കെടുത്തത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. നായയുടെ കടിയേറ്റ് മരണപ്പെട്ട നിഹാലിന്റെ പിതാവ് നൗഷാദ് കരളുരുകും വേദനയോടെ സമരവേദിയിലെത്തി. തന്റെ മകനെപ്പോലെ ഇനിയൊരാള്‍ക്കും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാകരുതെന്നും ഭിന്നശേഷിക്കാരായ കുട്ടികളെ തെരുവുനായയുടെ അക്രമത്തില്‍നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നൗഷാദ് പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി അവകാശ നിയമം പൂര്‍ണതോതില്‍ നടപ്പിലാക്കുക, നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, മാലിന്യ സംസ്‌കരണ പദ്ധതികള്‍ കാര്യക്ഷമമാക്കുക, ഭിന്നശേഷി വ്യക്തികളുടെ സുരക്ഷ ഉറപ്പ് വരുത്തുക, തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി സൗഹൃദ വലയം രൂപികരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.

വി മുരളീധരന്‍ അധ്യക്ഷനായി. ടി രമേശന്‍, എം പി കരുണാകരന്‍, ആര്‍ടിസ്റ്റ് ശശികല, ബാലകൃഷ്ണന്‍ അഴിക്കോട്, സതി വില്‍സന്‍, ഷാനിദ് എന്നിവര്‍ സംസാരിച്ചു. സല്‍മത് ബീവി, എസ് എം മുംതാസ്, ഷീന സുരേഷ്, എം ശാക്കിറ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. അംഗപരിമിതരായ പ്രായപൂര്‍ത്തിയായവരടക്കം നൂറുകണിക്കനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *