• Fri. Sep 20th, 2024
Top Tags

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. റോഡിന്റെ ആറളം പഞ്ചായത്തു ഭാഗത്തെ പ്രവർത്തി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു.

Bydesk

Jun 20, 2023

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. തെയ്യമ്പാടി-മുണ്ടയാംപറമ്പ്-കോളനി റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള രണ്ട് പതിറ്റാണ്ടായുള്ള ശ്രമമാണ് വിജയിച്ചത്. എടൂര്‍ തെയ്യമ്പാടിയില്‍ നിന്നും മുണ്ടയാംപറമ്പ് കോളനി വഴിയുള്ള റോഡ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അയ്യന്‍കുന്ന് പഞ്ചായത്ത് ഭാഗത്ത് 500 മീറ്റര്‍ ദൂരം ടാറിങ് നടത്തി പത്തുവര്‍ഷം മുന്‍പ് വെമ്പുഴക്ക് കുറുകെ ഇരുമ്പുപാലവും നിര്‍മിച്ചിരുന്നു. 200 മീറ്റര്‍ മണ്‍റോഡും നവീകരിച്ചു. മാതൃകാ കോളനിയാക്കുന്നതിനായി ഒരു കോടി രൂപ ചെലവഴിച്ചായിരുന്നു പ്രവർത്തികള്‍. തുടര്‍ച്ചയായി ആറളം പഞ്ചായത്തിന്റെ ഭാഗത്ത് റോഡിനായി സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ രണ്ട് പഞ്ചായത്തുകളെ കൂട്ടിമുട്ടിക്കാന്‍ സാധിച്ചില്ല.

എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.തോമസ് വടക്കേമുറിയില്‍, ആറളം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ജോസ് അന്ത്യാംകുളം, വി.വി.ജോസഫ് വേകത്താനം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ആറളം പഞ്ചായത്ത് ഭാഗത്ത് 400 മീറ്റര്‍ ദൂരത്ത് റോഡിനുള്ള തടസങ്ങള്‍ നീങ്ങി. സൗജന്യമായി പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കി.

അയ്യന്‍കുന്ന് ഭാഗത്തെ 19 ഹരിജന്‍ കുടുംബങ്ങളും ഏഴ് പണിയ കുടുംബങ്ങളുമടക്കം നൂറു കണക്കിനാളുകള്‍ക്കു പ്രയോജനം ചെയ്യുന്ന റോഡിനായി അയ്യന്‍കുന്ന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കൂടിയായ മിനി വിശ്വനാഥന്റെ നേതൃത്വത്തിലാണ് നേരത്തെ മാതൃകാ കോളനി പദ്ധതിക്കായുള്ള ശ്രമങ്ങള്‍ നടത്തിയത്. 1.100 കി .മീ ദൂരം വരുന്ന റോഡിന്റെ ആറളം പഞ്ചായത്ത് ഭാഗത്തെ പ്രവർത്തി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു. മിനി വിശ്വനാഥന്‍, ജോസ് അന്ത്യാംകുളം, വി.വി.ജോസഫ്, സിറില്‍ പൈനാപ്പള്ളി, ബാബു മാളിയേക്കല്‍, റെജി തെക്കേടം എന്നിവര്‍ നേതൃത്വം നല്‍കി.

തെയ്യമ്പാടി മേഖലയിലുള്ളവര്‍ക്ക് മുണ്ടയാംപറമ്പ് അമ്പലം, സെന്റ്ജൂഡ് തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങളിലേക്കും മുണ്ടയാംപറമ്പ് മേഖലയിലുള്ളവര്‍ക്ക് എടൂര്‍ പള്ളി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ടൗണ്‍ എന്നിവിടങ്ങളിലേക്കും രണ്ടു കിലോമീറ്റര്‍ ദൂരക്കുറവില്‍ എത്താന്‍ സഹായിക്കുന്നതാണ് നിര്‍ദ്ദിഷ്ട റോഡ്. ടാറിങ് ഉള്‍പ്പെടെയുള്ള നവീകരണത്തിനായി കെ.സുധാകരന്‍ എംപിയുടെ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായും ജനപ്രതിനിധികള്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *