കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിനു പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലഭ്യമായ തെളിവുകൾവച്ച് പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റവർക്ക് മികച്ചചികിത്സയാണ് നൽകുന്നതെന്നും ചികിത്സാച്ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കൽ കോളേജ്, കാക്കനാട് സൺറൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.