തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ഇന്ന് പുതിയ ചക്രവാതച്ചുഴി രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. തുടർന്ന്, പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29 ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തെക്കു കിഴക്കൻ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാകേന്ദ്രം പറയുന്നു. ഇതിൽനിന്നും ഒരു ന്യൂനമർദ്ദ പാത്തി തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ വരുന്ന അഞ്ചുദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമായതോവായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.