കണ്ണൂർ : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 18-ന് മുൻപ് പൂർത്തിയാക്കാൻ നിർദ്ദേശിച്ച് പൊതുവിതരണ വകുപ്പ്. നേരത്തേ മാർച്ച് 31 വരെ സമയമുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തീയതി മാറ്റിയതില്‍ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും വ്യക്തതയില്ല.കാർഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിംഗ് ചെയ്യുന്നത്. 18-ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15 മുതല്‍ 17 വരെയുള്ള തീയതികളില്‍ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ നടത്തണമെന്ന് സർക്കുലറില്‍ വ്യക്തമാക്കുന്നു. പരിശീലനം ലഭിച്ച ഐടി കോർഡിനേറ്റർമാർ ഇന്നും നാളെയുമായി താലൂക്ക് തലത്തില്‍ അഞ്ച് പേർക്ക് വീതം പരിശീലനം നല്കുന്നു. ഇവർ മാർച്ച് 1, 2, 8, 9 തീയതികളില്‍ റേഷൻ വ്യാപാരികള്‍ക്കും പരിശീലനം നല്‍കണം.