• Fri. Sep 20th, 2024
Top Tags

സ്കൂൾ സമയമാറ്റം ഇപ്പോഴില്ല; ഖാദർ കമ്മിറ്റിയുടെ എല്ലാ ശുപാർശകളും നടപ്പാക്കില്ല: വിദ്യാഭ്യാസ മന്ത്രി

Bynewsdesk

Aug 2, 2024

സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂൾ സമയമാറ്റം നിലവിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ സ്കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ നാല് മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. ഈ സമയത്തിൽ മാറ്റം വരുത്തുന്നത് നിലവിൽ അജണ്ടയിലില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.

സമരം ചെയ്യുന്ന സംഘടനകൾ എന്താണ് അധ്യാപകരെ ബാധിക്കുന്ന പ്രശ്നമെന്ന് ചൂണ്ടിക്കാണിച്ചാൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകർക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. സ്പെഷ്യൽ റൂൾസ് ഉണ്ടാക്കിയിട്ടുണ്ട്. ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച് ചർച്ച ചെയ്ത് പുതിയ കലണ്ടർ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്ന് മന്ത്രി പറഞ്ഞു.

ശാന്തമായ  അന്തരീക്ഷത്തിൽ വിദ്യാഭ്യാസ രംഗം പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ സഹകരണം വേണം. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിൾ ബഞ്ചുകൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നത്. അപ്പീൽ പോകാൻ നിലവിൽ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *