കണ്ണൂർ : കാൽപന്തുകളിയിൽ ചരിത്രം രചിച്ച താരസാന്നിധ്യമുള്ള കണ്ണൂരിൽ പുതുതലമുറക്ക് പരിശീലനം നൽകാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. 12 മുതൽ 18 വരെ വയസ്സുള്ള ബാലസഭ അംഗങ്ങൾക്കാണ് അവസരം. കാങ്കോൽ ആലപ്പടമ്പ്, നാറാത്ത്, ചെമ്പിലോട്, കൂത്തുപറമ്പ്, എരഞ്ഞോളി, ആന്തൂർ, മയ്യിൽ, മട്ടന്നൂർ, കേളകം കുടുംബശ്രീ സി.ഡി.എസുകളാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഒരു കേന്ദ്രത്തിൽ 30 കുട്ടികൾ എന്ന രീതിയിൽ 270 പേർക്കാണ് അവസരം. ഇതിന്റെ ഭാഗമായി സെലക്ഷൻ ക്യാമ്പുകൾ പൂർത്തീകരിച്ചു വരുന്നു. മൂന്നുമാസങ്ങളിലായി 24 ക്ലാസുകളാണ് കുട്ടികൾക്ക് ലഭിക്കുക. പരിശീലന സാമഗ്രികൾ, ബോൾ, പരിശീലന ചെലവ് തുടങ്ങിയവ ജില്ലാ മിഷൻ നൽകും.പരിശീലനം പൂർത്തീകരിച്ച് കഴിയുമ്പോൾ ജില്ലാതല ടൂർണമെൻറും സംഘടിപ്പിക്കും. ബാലസോക്കർ 2021 ജില്ലാതല ഉദ്ഘാടനം കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റുകുടുക്ക ഗ്രൗണ്ടിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു.