• Fri. Sep 20th, 2024
Top Tags

ദൂരം അരികെ; വളപട്ടണം-കക്കാട് പുഴകൾ ഇപ്പോൾ വിളിപ്പാടകലെ.

Bydesk

Jan 7, 2022

കണ്ണൂർ: ചിറക്കൽ-കാട്ടാമ്പള്ളി-മയ്യിൽ റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് വളപട്ടണം പുഴയും കക്കാട് പുഴയും നേർക്കാഴ്ചകളായി. രണ്ട് പുഴകളും തീരങ്ങളും ഒരേ സ്ഥലത്തുനിന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി കാണാം. കണ്ണൂർ ബൈപ്പാസിന്റെ നിർമാണം ആരംഭിച്ചതോടെയാണ് അകലെ കഴിഞ്ഞിരുന്ന പ്രദേശങ്ങൾ സമീപക്കാഴ്ചകളായത്. വളപട്ടണം പുഴയ്ക്ക് കുറുകെ പണിയുന്ന പുതിയപാലം പാപ്പിനിശ്ശേരി തുരുത്തിയിൽനിന്ന് പുഴാതി കോട്ടക്കുന്ന് വരെ നീളും.

ഒരുകിലോമീറ്ററിലധികം നീളമുള്ള പാലം കണ്ണൂർ ബൈപ്പാസിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. കോട്ടക്കുന്നിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ കാഞ്ഞിരത്തറയിൽനിന്ന് കക്കാട് പുഴയ്ക്ക് കുറുകെ പുല്ലൂപ്പിക്കടവിലേക്കും പുതിയ പാലം നിർമിക്കുന്നുണ്ട്. ഈ പാലങ്ങളുടെ പൈലിങ് ജോലികൾ ആരംഭിച്ചു. കാട്ടാമ്പള്ളി റോഡിൽനിന്ന് പാലങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ കാണാം.

തൂണുകളുടെ നിർമാണം ഉടൻ നടത്തും. ഉപരിഭാഗങ്ങൾ മഴക്കാലത്ത് മാത്രമേ കോൺക്രീറ്റ് ചെയ്യൂ. ധാരാളം വെള്ളം ആവശ്യമായി വരുന്നതുകൊണ്ടാണിത്. പാപ്പിനിശ്ശേരി തുരുത്തി ഭാഗത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്.

ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കലിനെതിരേ വൻ സമരങ്ങൾ നടന്ന പ്രദേശമാണിത്. വളപട്ടണം പുഴയും പുഴയോരത്തെ കണ്ടൽവനങ്ങളും കാട്ടാമ്പള്ളി തണ്ണീർത്തടങ്ങളും കക്കാട് പുഴയും പുഴയുടെ മനോഹരതീരങ്ങളും കണ്ണൂരിന്റെ തീരപ്രദേശങ്ങളിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളാണ്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *