• Fri. Sep 20th, 2024
Top Tags

പാഴ്‌വസ്തുക്കള്‍ കൊണ്ട് നടീല്‍ യന്ത്രം: ഇവിടെ ഒന്നും പാഴാകുന്നില്ല.

Bydesk

Jan 24, 2022

 

പയ്യന്നൂർ :  പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നടീല്‍യന്ത്രം നിര്‍മ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഏഴോം കുറുവാട്ടെ കെ.സി പ്രഭാകരന്‍. ഇന്ധനങ്ങള്‍ ആവശ്യമില്ലാത്ത നടീല്‍യന്ത്രം കാണാനും അറിയാനുമായി നിരവധിപേര്‍ എത്തുന്നുണ്ട്. ചെലവും തൊഴിലാളി ക്ഷാമവും കൊണ്ട് പൊറുതിമുട്ടുന്ന കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയാണ് പ്രഭാകരന്റെ നടീല്‍ യന്ത്രം.

ഇന്‍ഡക്‌സ് കീഴിലെ കാസ് എന്‍ജിനിയറിങ് മൊബൈല്‍ ടവര്‍ ടെക്‌നീഷ്യനായിരുന്നു 16 വര്‍ഷം ജോലി ചെയ്ത പ്രഭാകരന്‍ ഒന്നര വര്‍ഷം മുമ്പ് വൈദ്യുതിയിലും ബാറ്ററിയിലും സോളാറിലും ഉപയോഗിക്കാനാകുന്ന പത്തു കിലോഭാരം വരുന്ന മെതിയന്ത്രവും നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു. കണ്ടുപിടിത്തത്തിന് കര്‍ഷകരുടെ മികച്ച പിന്തുണ കിട്ടിയതോടെയാണ് നടീല്‍ യന്ത്രം കൂടി നിര്‍മിക്കാന്‍ തയ്യാറായത്.

ഇപ്പോള്‍ നിര്‍മിച്ച യന്ത്രവും കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട്. ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും കൊണ്ടുണ്ടാക്കിയ യന്ത്രത്തിന് ചെലവ് വളരെ തുച്ഛമാണ്. വിദഗ്ധമായ പരിശീലനം ഒന്നുമില്ലാതെ ആര്‍ക്കും കൈകാര്യം ചെയ്യുന്ന തരത്തിലാണ് യന്ത്രം നിര്‍മിച്ചിരിക്കുന്നത്. ചെളിയില്‍ ഞാറുനടുമ്പോള്‍ അകലം കൂട്ടാനും കുറക്കാനും വലിക്കുന്ന ഹാന്‍ഡിലുണ്ട്.

ഞാറുകള്‍ ഒരു മണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ നടാന്‍ പറ്റും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് യന്ത്രവല്‍ക്കരണം മാത്രമാണ് പോംവഴിയെന്ന് താവം സ്വദേശിയായ പ്രഭാകരന്‍ തറപ്പിച്ചു പറയുന്നു. തൊഴിലാളികള്‍ കുറഞ്ഞുവരികയും തൊഴില്‍ ചെലവ് കൂടുകയും ചെയ്യുന്നതിനാല്‍ സാധാരണ കര്‍ഷകന്‍ കൃഷിയിലൂടെ ഉപജീവനം നടത്താമെന്ന് മോഹം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു ചെലവുകുറഞ്ഞ സംവിധാനം യാഥാര്‍ഥ്യമാക്കിയതും അതുകൊണ്ടാണ്.

നടീല്‍ യന്ത്രം വ്യവസായ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനത്തിലാണ് പ്രഭാകരന്‍. നടീല്‍ യന്ത്രത്തിന്റെ വീഡിയോ കൃഷിമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണിദ്ദേഹം. ചെറുപ്പം മുതല്‍ പ്രഭാകരന്റെ കുറുവാട്ട് വീട് ഇതിനകം നിരവധി കണ്ടുപിടുത്തങ്ങളുടെ കേന്ദ്രം കൂടിയാണ്. കരകൗശല നിര്‍മാണത്തില്‍ കുട്ടിക്കാലം മുതല്‍ താല്‍പര്യമുണ്ടായിരുന്നു.സ്‌കൂളിലെത്തുമ്പോള്‍ എന്തെങ്കിലും കണ്ടുപിടുത്തം കയ്യില്‍ കരുതും.

ഇതുകണ്ട് പ്രഭാകരന് ജൈവകര്‍ഷകനും അധ്യാപകനുമായ രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രോത്സാഹനം നല്‍കി. ഒന്നരമാസം മുമ്പ് 10 സെന്റ് സ്ഥലത്ത് നടീല്‍യന്ത്രം ഉപയോഗിച്ച് ഞാറ് നട്ടുപിടിപ്പിച്ചിരുന്നു.മകന്‍ പ്രിയനന്ദും നിത്യാനന്ദു മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച ആര്‍.ജി.ബി വ്‌ളോഗ് എന്ന ചാനലിലൂടെ പ്രഭാകരന്‍ കണ്ടുപിടുത്തതിന്റെ വീഡിയോ ഇടാറുണ്ട്. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ബിന്ദുവിന്റെ പ്രോത്സാഹനവും ഒപ്പമുണ്ട്. പരമ്പരാഗതമായി പൊരിക്കുന്ന ഞാറ് നടാനുള്ള യന്ത്രവും ഉടന്‍ നിര്‍മിക്കുമെന്ന് പ്രഭാകരന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *