• Fri. Sep 20th, 2024
Top Tags

ഇലകളിൽ തവിട്ടുനിറത്തിലുള്ള പൊട്ടുകൾ, പത്തു മില്ലി മീറ്റർ വരെ വ്യാസമുള്ള പാടുകളാകും; റബറിനു ഭീഷണിയായി കൊറിനിസ്പോറ രോഗം.

Bydesk

Jan 24, 2022

ആലക്കോട്∙ മലയോരത്ത് കർഷകർക്ക് ഭീഷണിയായി റബറിനു കൊറിനിസ്പോറ രോഗം. നേരത്തെ കാസർകോട് ജില്ലയിൽ കണ്ടിരുന്ന രോഗം ഇപ്പോൾ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം മേഖലകളിൽ വ്യാപിച്ചു. ആർആർഐഐ 105 റബർ മരങ്ങളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് പൊടിക്കുമിൾ രോഗം പോലെ റബർ മരങ്ങളെ ബാധിക്കുന്ന രോഗമാണിത്. തളിർത്തുവരുന്ന ഇലകളെയാണ് ഇത് ബാധിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രോഗകാഠിന്യം കൂടുമെന്ന് റബർബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. നഴ്സറികളിൽ ഇത് മേയ് മുതൽ ഓഗസ്റ്റ് വരെയാണ് കാണപ്പെടുന്നത്. മൂപ്പെത്തിയ ഇലകളെ വരെ രോഗം ബാധിക്കുന്നു. ഇലകളിൽ ആദ്യമായി തവിട്ടുനിറത്തിലുള്ള ചെറിയ പൊട്ടുകൾ രൂപപ്പെടുന്നു.

ഈ പൊട്ടുകൾ വൃത്താകൃതിയിൽ വലുതാകുകയും ഒന്നു മുതൽ പത്തുവരെ മില്ലി മീറ്റർ വ്യാസമുള്ള പാടുകളാകുകയും ചെയ്യുന്നു. ഈ പാടുകളുടെ മധ്യഭാഗം ഇളം തവിട്ടുനിറത്തിലും അരികുകൾ കടും തവിട്ടുനിറത്തിലും കാണപ്പെടുന്നു. ഈ പാടുകളുടെ ചുറ്റിലും മഞ്ഞ നിറത്തിലുള്ള വലയം ഉണ്ടായിരിക്കും. പാടുകളുടെ മധ്യ ഭാഗം ഉണങ്ങിക്കഴിഞ്ഞാൽ സുഷിരങ്ങളായി മാറുന്നു. രോഗബാധ കഠിനമാകുന്നതോടെ ഇലത്തണ്ടുകളും ചെറുകൂമ്പുകളും ഉണങ്ങി ഇലകൾ വ്യാപകമായി കൊഴിയുന്നതിനു കാരണമാകും. തുടർച്ചയായി ഉണ്ടാകുന്ന രോഗബാധ മൂലം ശിഖരങ്ങൾ ഉണങ്ങാനും ക്രമേണ മരം പൂർണമായി ഉണങ്ങാനും ഇടയാക്കുന്നു. ശോഷിച്ച മരങ്ങളിലാണ് രോഗബാധ കൂടുതലും.

രോഗനിയന്ത്രണത്തിനു റബർബോർഡ് കുമിൾനാശിനി പ്രയോഗം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പലപ്പോഴും കർഷകർക്ക് നടപ്പാക്കാൻ കഴിയുന്നില്ല. നിലവിൽ റബറിനു ഉൽപാദനച്ചെലവു പോലും ലഭിക്കുന്നില്ല. ഈ അവസ്ഥയിലാണ് ചെലവേറിയ കുമിൾനാശിനി പ്രയോഗം നടത്തേണ്ടത്. 56 ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് സ്പ്രേ ഓയിലുമായി കലർത്തി മൈക്രോൺ സ്പ്രേയർ ഉപയോഗിച്ചാണ് സ്പ്രേ ചെയ്യേണ്ടത്. അതേസമയം, ഉൽപാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ റബറിന്റെ രോഗനിയന്ത്രണങ്ങൾക്കായുള്ള ചെലവ് സർക്കാർ നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *