• Fri. Sep 20th, 2024
Top Tags

നബാർഡ് പദ്ധതി; ആറളം ഫാമിൽ രണ്ടു എൽ പി സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തി അന്തിമ ഘട്ടത്തിൽ.

Bydesk

Jan 26, 2022

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് എൽ പി സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. ആറളം ഫാമിൽ വിവിധ നവീകരണ പദ്ധതികൾക്കായി നബാർഡ് നൽകിയ 250 കോടി രൂപയിൽ 5 കോടി ഉപയോഗിച്ചാണ് എൽ പി സ്‌കൂളിനായി രണ്ട് കെട്ടിട സമുച്ഛയങ്ങൾ നിർമ്മിക്കുന്നത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9, 13 എന്നിവടങ്ങളിലായി നിർമ്മിക്കുന്ന കെട്ടിടം സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തിയാണ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായാണ് നമ്പാർഡിൽ ഉൾപ്പെടുത്തി 250 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ബദൽ സ്‌കൂൾ സംവിധാനമായിരുന്നു ഇതുവരെ ഇവിടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഉണ്ടായിരുന്നത്. സംസ്ഥാനത്താകെ ബദൽ സ്കൂൾ സംവിധാനം നിർത്തലാക്കുന്നതോടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഉയർത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ എൽ പി സ്കൂളുകൾ അനുവദിക്കുന്നത്. ആറളം ഫാം പുനരധിവാസത്തിന്റെ ആരംഭഘട്ടത്തിൽ ഏർപ്പെടുത്തിയ ബദൽ സ്കൂളുകൾ ഏറെ പ്രയോചനപ്പെട്ടിരുന്നു. എന്നാൽ തുടർ പഠനത്തിനായി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഏറെ പ്രതിസന്ധിയും സൃഷ്ടിച്ച സാഹചര്യത്തിലാണ് ആറളം ആദിവാസി പുനരധിവാസ മേഖലയിലെ രണ്ട് ബ്ലോക്കുകളായി രണ്ട് എൽ പി സ്കൂളുകൾ പണി കഴിപ്പിക്കുന്നത്. നിലവിൽ ബദൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്ന 13, 9 ബ്ലോക്കുകളിലാണ് സ്കൂളിന്റെ നിർമ്മാണ പ്രവർത്തി അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നത്. ആറളം ഫാമിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾ മാത്രമാണ് നിലവിൽ ഉള്ളത്. അടിസ്ഥാന വിദ്യാഭ്യാസത്തിനായി ഫാമിന് പുറത്തുള്ള മറ്റ് സ്കൂളുകളെയാണ് വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത്. ഇതിനായി പ്രത്യേക വാഹനം ഉൾപ്പെടെ ക്രമീകരിച്ചാണ് വിദ്യാർത്ഥികളെ സ്കൂളുകളിൽ എത്തിച്ചിരുന്നത്. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ഫാമിനുള്ളിൽ തന്നെ ലഭ്യമാകുന്നതോടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *