• Fri. Sep 20th, 2024
Top Tags

കോർപറേഷൻ സിഡിഎസ് തിര‍ഞ്ഞെടുപ്പിൽ തമ്മിലടി, കയ്യാങ്കളി.

Bydesk

Jan 26, 2022

കണ്ണൂർ‌: കോർപറേഷൻ കുടുംബശ്രീ സിഡിഎസ് തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ്– യുഡിഎഫ് കുടുംബശ്രീ അംഗങ്ങൾ തമ്മിൽ സംഘർഷം. കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ പോളിങ് കേന്ദ്രമായി നടന്ന തെരഞ്ഞെടുപ്പിനിടെയാണു വനിതകൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.  ഇന്നലെ വോട്ടെടുപ്പിനു ശേഷമാണ് സംഭവം. കോർപറേഷൻ നീർച്ചാൽ ഡിവിഷൻ എഡിഎസ് സംവരണ തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ജയിച്ച സംവരണത്തിൽ‌പ്പെടാത്ത അംഗം സിഡിഎസ് തിരഞ്ഞെടുപ്പിൽ വോട്ടിങിനെത്തിയെന്നും ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കുടുംബശ്രീ അംഗങ്ങൾ നിലയുറപ്പിച്ചു. ഇതോടെ എൽഡിഎഫ് കുടുംബശ്രീ അംഗങ്ങളും സംഘടിച്ച് എത്തിയതോടെ ഇരുപക്ഷവും തമ്മിൽ തർക്കവും വാക്കേറ്റവും ഉടലെടുത്തു.

തർക്കം കയ്യാങ്കളിയിലേക്കും നീങ്ങി. വിവരമറിഞ്ഞ് മേയർ ടി.ഒ.മോഹനൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകരും എത്തി. ഇതോടെ കൂടുതൽ പൊലീസും എത്തി.  അർഹതയില്ലാത്ത അംഗത്തിനു വോട്ട് ചെയ്യാൻ അനുവാദം നൽകരുതെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.ഷബീന, സി.സീനത്ത്, സ്ഥിരം സമിതി അധ്യക്ഷരായ പി.ഷമീമ, ടി.ഇന്ദിര എന്നിവരുടെ നേതൃത്വത്തിൽ പ്രിസൈഡിങ് ഓഫിസറുമായി ഏറെനേരം വാക്കേറ്റമുണ്ടായി.

ഏറെനേരം തർക്കം നീണ്ടതോടെ വനിതാ പൊലീസെത്തി ഡപ്യൂട്ടി മേയർ ഉൾപ്പെടെയുള്ളവരെ പോളിങ് കേന്ദ്രത്തിൽ നിന്നും പുറത്താക്കി. ഇതിനിടെ പോളിങ് കേന്ദ്രത്തിൽ നിന്ന് റോഡിലേക്ക് നീങ്ങിയ യുഡിഎഫ് കുടുംബശ്രീ അംഗങ്ങളെ അറസ്റ്റ് ചെയ്യാനായി ടൗൺ പൊലീസ് ബസുമായി എത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി.  പൊലീസ് നടപടിക്കെതിരെ മേയറും സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷും തമ്മിൽ ടൗൺ എസ്ഐയുമായി ഏറെ നേരം വാക്കേറ്റമുണ്ടായി. നീർച്ചാൽ ഡിവിഷനിൽ നിന്നുള്ള എഡിഎസ് അംഗത്തിനു വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫിസർ അനുമതി നൽകി. തിരഞ്ഞെടുപ്പിൽ 36 വോട്ട് നേടി എൽഡിഎഫ് സിഡിഎസ് തിരഞ്ഞെടുപ്പിൽ ജയിച്ചു. 19 വോട്ടാണ് യുഡിഎഫിനു ലഭിച്ചത്.  കോർപറേഷൻ സിഡിഎസ് തിരഞ്ഞെടുപ്പ് തുടക്കം മുതലേ അട്ടിമറിക്കാനാണ് സിപിഎം നീക്കം നടത്തിയിരുന്നതെന്നും പൊലീസ് ഇതിനു ഒത്താശ നൽകിയതായും മേയർ ടി.ഒ.മോഹനൻ പറഞ്ഞു.

അയൽക്കൂട്ടങ്ങളിലെ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമം: ജയരാജൻ

കണ്ണൂർ: കുടുംബശ്രീ അയൽ കൂട്ടങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള യുഡിഎഫിന്റെയും മേയറുടെയും ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് കണ്ണൂർ കോർപറേഷൻ സിഡിഎസ് തിരഞ്ഞെടുപ്പെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. വോട്ടർമാർ അല്ലാത്തവരെ പോളിങ് സ്റ്റേഷന് അകത്ത് പ്രവേശിപ്പിച്ച് ബഹളമുണ്ടാക്കി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ യുഡിഎഫ് ശ്രമിക്കുകയായിരുന്നു. കുടുംബശ്രീ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കത്തിനിറങ്ങിയത്.

മേയറുടെയും മറ്റ് യുഡിഎഫുകാരുടെയും സംരക്ഷണത്തിലാണ് മുനിസിപ്പൽ സ്കൂളിലെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ കുടുംബശ്രീയിലെ ജനാധിപത്യം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതി അരങ്ങേറിയതെന്നും ജയരാജൻ ആരോപിച്ചു. കുടുംബശ്രീ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ ഇടതു മുന്നേറ്റമാണുണ്ടായത്. കുടുംബശ്രീയെ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെയുള്ള മുന്നേറ്റമാണ് ജില്ലയിലെ കുടുംബശ്രീ തിരഞ്ഞെടുപ്പ് വിജയമെനും അദ്ദേഹം പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *