• Sat. Sep 21st, 2024
Top Tags

കേസില്‍ നിന്ന് ഒഴിവാക്കിയതിന് കോടാനുകോടി നന്ദി; പ്രതികരണവുമായി ബാബുവിന്റെ ഉമ്മ.

Bydesk

Feb 11, 2022

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരായ കേസ് നടപടികള്‍ ഒഴിവാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ നന്ദി അറിയിച്ച് ബാബുവിന്റെ മാതാവ്. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസില്‍ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്. കേസെടുത്തേയ്ക്കും എന്ന വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവര്‍ പറഞ്ഞു.

ഈ പ്രശ്‌നത്തിന്റെ പേരില്‍ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. ബാബുവിനോട് സംസാരിച്ച ശേഷം പാലക്കാട്ടെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കും. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുക. ചെറാട് മലയില്‍ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങിക്കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോള്‍ സൈന്യം ഭക്ഷണവും വെള്ളവും നല്‍കി. സുരക്ഷാ ബെല്‍റ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *