• Sat. Sep 21st, 2024
Top Tags

164 എസ്.ഐമാര്‍ കൂടി കേരള പോലീസിലേക്ക്: പാസ്സിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.

Bydesk

Feb 11, 2022

164 എസ്.ഐമാര്‍ കൂടി കേരള പോലീസിലേക്ക് പാസ്സിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്പെഷൽ സ്ക്വാഡിൻ്റെ പരേഡും നടന്നു.തുടർന്ന് 23 അംഗ ഡോഗ് സ്ക്വാഡിൻ്റെ സേനാ പ്രവേശനവും നടന്നു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കര്‍മ്മനിരതരാകാന്‍ 164 സബ്ബ് ഇന്‍സ്പക്ടര്‍മാര്‍ കൂടി കേരള പോലീസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പതാമത് സി ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8മണിക്ക് തൃശ്ശൂർ രാമവർമ്മ പുരത്തെ കേരളപോലീസ് അക്കാദമിയില്‍ നടന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി. ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രി പരേഡ് അഭിവാദ്യമര്‍പ്പിച്ചു. പരിശീലനഘട്ടത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌ക്കാര വിതരണവും ചടങ്ങില്‍ നടന്നു.

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത, എ.ഡി.ജി.പി. (ട്രെയിനിംഗ്) ആന്റ് കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഉപാദ്ധ്യായ, ഐ.ജി.പി(ട്രെയിനിംഗ്) സേതുരാമന്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് പ്രവേശനം നല്‍കുന്ന അഞ്ചാമത് ബാച്ചാണ് മുപ്പതാമത് സി ബാച്ച്. ബാച്ചില്‍ 142 പുരുഷന്മാരും, 22 വനിതകളുമാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഈ ബാച്ചിലുള്ളത്.

1 എം.ടെക്, 30 ബി.ടെക്, 5 എം.സി.എ., 3 എം.ബി.എ., 1 ബി.ബി.എ., 25 ബിരുദാനന്തര ബിരുദധാരികള്‍, 99 ബിരുദധാരികള്‍ എന്നിങ്ങനെയാണ് പരിശീലനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകള്‍. ഇവരില്‍ ഭൂരിഭാഗം പേരും മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നവരാണ് എന്നതും ശ്രദ്ധേയമാണ്. നാല് പേര്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും, 144 പേര്‍ സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായിരുന്നു.

പരിശീലനത്തിനായി ‘കേരള പോലീസ് അക്കാദമിയിലെത്തിയ കേഡറ്റുകളെ 2020 നവംബര്‍ 2 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തൃശൂര്‍ കൈപ്പറമ്പിലുള്ള ഗാഗുല്‍ത്ത റിട്രീറ്റ് സെന്ററില്‍ രണ്ടാഴ്ചക്കാലം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

ഇക്കാലയളവില്‍ ഓണ്‍ലൈനായി നടത്തിയ ഓറിയന്റേഷന്‍ മൊഡ്യൂളോടു കൂടിയാണ് പരിശീലനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പരിശീലനത്തിനിടെ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ മുന്‍ ബാച്ചിന്റേതുപോലെ ത്തന്നെ ഈ ബാച്ചിന്റെയും പരിശീലനം നിര്‍ത്തിവച്ച് പരിശീലനാര്‍ത്ഥികളെ അവരവരുടെ മാതൃ പോലീസ് സ്റ്റേഷനുകളിലേക്ക് ഡ്യൂട്ടിക്കായി അയച്ചിരുന്നു.

പരിശീലന കാലയളവില്‍ തന്നെ പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനം അടുത്തുനിന്ന് വീക്ഷിക്കുവാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചു. 64 ദിവസം ഇവര്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടി ചെയ്തു. ഈ സമയത്ത് പാഠഭാഗങ്ങള്‍ ഓണ്‍ലൈനായി പകര്‍ന്ന് നല്‍കിയിരുന്നു.

ഒരു വര്‍ഷക്കാലം നീണ്ടു നിന്ന പരിശീലന കാലയളവില്‍ സിലബസനുസരിച്ചുള്ള പരേഡ്, നിയമം, ഭരണഘടന, മനുഷ്യാവകാശം, ഭരണ നിര്‍വ്വഹണം, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം   എന്നിവയ്ക്കു പുറമേ ശാസ്ത്രീയ കുറ്റാന്വേഷണത്തിലുള്ള പ്രായോഗിക പരിശീലനം, കമാണ്ടോ ആയുധ പരിശീലനം, ഫയറിംഗ്, നീന്തല്‍, ഡ്രൈവിംഗ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, യോഗ, അഗ്‌നിശമനം, കമ്പ്യൂട്ടര്‍ എന്നിവയിലും പരിശീലനം നല്‍കി.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, മലപ്പുറം അരീക്കോടുള്ള കെ എ ടി എസ് ന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കമാണ്ടോ പരിശീലനം, എൻ എ ടി പി എ സി  എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *