• Fri. Sep 20th, 2024
Top Tags

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു

Bydesk

Feb 22, 2022

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു. ബാലാവകാശ നിയമ പ്രകാരമാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. കുട്ടിക്ക് മതിയായ സംരക്ഷണവും ചികിത്സയും നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക.

ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം എന്ന നിലപാടിലാണ് പൊലീസ്. മർദ്ദനമേറ്റത് എങ്ങനെ എന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല. സംഭവത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്. വീട്ടിൽ ഉണ്ടായിരുന്ന സഹോദരിയുടെയും കുടുംബത്തിൻ്റെയും വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുമില്ല. അതു കൊണ്ടാണ് നിലവിലെ സാഹചര്യത്തിൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചത്. എറണാകുളം തൃക്കാക്കര സ്വദേശിയായ രണ്ട് വയസ്സുകാരിയെയാണ് ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ശരീരാമാസകലം പരുക്കേറ്റ രണ്ടു വയസുകാരി പെൺക്കുട്ടിയെ അപസ്മാര ലക്ഷണളുമായി കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. ആദ്യം എറണാകുളം കാക്കനാട്ടെ സ്വകാര്യശുപത്രിയിൽ എത്തിച്ച കുട്ടിയെ CT സ്കാനിങ് വിധേയമാക്കിയപ്പോൾ തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുവാൻ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മാതാവിനോടും, മുത്തശ്ശിയോടും ഡോക്ടർമാർ നിർദ്ദേശിച്ചത്.

രാത്രി 11 മണിയോടെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന കുട്ടിയെ ആദ്യം ഐ. സി. യുവില്‍ (I C U) പ്രവേശിപ്പിച്ചു. തുടന്ന് കുട്ടിയുടെ നില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു. ശരീരത്തില്‍ പൊളളലേറ്റ് ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നു. പഴയതും, പുതിയതുമായ പരിക്കുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ഡോക്ടര്‍മാര്‍ മാതാവിനോട് വിവരങ്ങള്‍ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. മാതാവിന്റെ മറുപടിയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ത്യക്കാക്കര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ വരുന്ന 72 മണിക്കൂര്‍ ഏറെ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വരുന്ന എതാനും മണിക്കൂറിനുള്ളില്‍ എം ആര്‍ ഐ (MRI ) സ്‌കാനിങ്ങിന് വിധേയമാക്കും. ഇതിന് ശേഷമെ പരിക്കിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് പറയാന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയ തൃക്കാക്കര പൊലീസ് മാതാവിന്റെ മൊഴിയെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *