• Fri. Sep 20th, 2024
Top Tags

കടകളിലെ തീപിടിത്തം: കാരണം കണ്ടെത്താൻ കഴിയാതെ അധികൃതർ, 20 ലക്ഷം രൂപയുടെ നഷ്ടം..

Bydesk

Feb 23, 2022

കൂത്തുപറമ്പ് ∙ നഗരസഭാ ഓഫിസിനു മുൻവശത്തെ ആറ് കടകളിൽ ഉണ്ടായ തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിയാതെ അധികൃതർ. കഴിഞ്ഞ ദിവസം രാവിലെയാണ് തലശ്ശേരി റോഡിലുള്ള കടകളുടെ മേൽക്കൂരയ്ക്ക് തീപിടിച്ചത്. തീയിൽ മേൽക്കൂര പൂർണമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് തന്നെയാവാം കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

എന്നാൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണം എന്നായിരുന്നു ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ഇന്നലെ തന്നെ ഫയർ ഫോഴ്സ് നടത്തിയ വിശദമായ പരിശോധനയിൽ ഇതല്ല കാരണമെന്ന് വ്യക്തമായി. ഇതോടെ തീപിടിത്തം ഉണ്ടായ കടകളിൽ ഇന്നലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ പരിശോധന നടത്തി.

ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സി.എം.റൗലത്ത്, അസിസ്റ്റഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സി.പി.ജിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഷോർട്ട് സർക്യൂട്ട് ആണോ തീപിടിത്തത്തിന് കാരണം എന്നാണ് പരിശോധിച്ചത്. പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ആവശ്യമെങ്കിൽ പൊലീസിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

∙ നടപടിയുമായി നഗരസഭയും പൊലീസും

കൂത്തുപറമ്പ് നഗരത്തിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസും സുരക്ഷാമാനദണ്ഡങ്ങളും സംബന്ധിച്ച് പരിശോധന നടത്താൻ നഗരസഭ അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. കൂടാതെ വർഷങ്ങൾ പഴക്കമുള്ള നഗരത്തിലെ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്ന വ്യാപാരികളും കെട്ടിട ഉടമകളും ജാഗ്രത പാലിക്കണമെന്ന് നഗരസഭാ ചെയർപഴ്സൻ വി.സുജാത അറിയിച്ചു. തീപിടിത്തം സംബന്ധിച്ച് ഇത് വരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കൂത്തുപറമ്പ് പൊലീസ് വ്യക്തമാക്കി.

∙ 20 ലക്ഷം രൂപയുടെ നഷ്ടം

കഴിഞ്ഞ ദിവസം നഗരത്തിൽ ഉണ്ടായ തീ പിടിത്തത്തിൽ വ്യാപാരികൾക്ക് 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരികൾ പറഞ്ഞു. മിക്ക കടകളുടെയും ഉൾഭാഗത്തെ സീലിങ് അടർന്നു വീണ നിലയിലാണ്. കൂടാതെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളം നനഞ്ഞതിനാലും നഷ്ടങ്ങൾ ഉണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *