• Fri. Sep 20th, 2024
Top Tags

ആനയെ നിയന്ത്രിക്കാന്‍ പാപ്പാന് ഇനി ‘ഇരുമ്പ് തോട്ടി’ വേണ്ട; വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശം

Bydesk

Feb 26, 2022

ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാര്‍ ഉപയോഗിക്കുന്ന ഇരുമ്പ് തോട്ടിക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍  ഉത്തരവിറക്കി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2015-ല്‍ ഇരുമ്പ് തോട്ടിയുടെ ഉപയോഗം വിലക്കിയിരുന്നു. എന്നിട്ടും ഇത് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മുഖ്യവനപാലകന്‍ വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

നാട്ടാനകളുടെ മദപ്പാട് കാലത്തും അല്ലാത്തപ്പോഴും നിയന്ത്രിക്കാന്‍ ഇരുമ്പ് തോട്ടി വ്യാപകമായി ഉപയോഗിക്കുന്നതായി പരാതികള്‍ വനംവകുപ്പിന് കിട്ടിയിരുന്നു. ആദ്യകാലത്ത് തടിത്തോട്ടികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ലോഹത്തോട്ടി ഉപയോഗിച്ച്‌ തുടങ്ങിയത്. തോട്ടി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ള പാപ്പാന്‍മാര്‍ക്ക് തടിയില്‍ നിര്‍മ്മിച്ച തോട്ടി ഉപയോഗിക്കാം.

ആനയുടെ ചെവി, കണ്‍കോണ്‍ എന്നിവിടങ്ങളില്‍ തോട്ടി പ്രയോഗിക്കുന്നതായി കാണിച്ച്‌, ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലമാണ് വനം വകുപ്പിനെ സമീപിച്ചത്. എഴുന്നെള്ളിപ്പിനും മറ്റും ആനകളെ അടക്കി നിര്‍ത്തുവാനായി ഇത്തരത്തില്‍ ആനകളെ തോട്ടി പ്രയോഗത്തിന് വിധേയമാക്കുന്നത് പതിവാണ്.

2015 മേയ് 14ന് ചീഫ് വൈൽഡ്​ ലൈഫ് വാർഡൻ ഇറക്കിയ സർക്കുലറിനെ ഓർമപ്പെടുത്തി ഉപയോഗ വിലക്ക് ഏർപ്പെടുത്തിയത് നടപ്പാക്കുന്നില്ലെന്നും പല പാപ്പാന്മാരും ഇത് ഉപയോഗിക്കുന്നതായി പരാതി ലഭിക്കുന്നതായും കർശനമായി നടപ്പാക്കണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ് ഇറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *