• Fri. Sep 20th, 2024
Top Tags

പുഴകളിൽ അനധികൃത മണൽവാരൽ വ്യാപകം

Bydesk

Feb 26, 2022

മട്ടന്നൂർ ∙ പഴശ്ശി അണക്കെട്ടിൽ ചേരുന്ന പുഴകളിൽ നിന്നു മണൽ ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടി ഇല്ലാത്തതിനാൽ അനധികൃത മണൽ വാരൽ വ്യാപകമാകുന്നു. പുഴയിൽ വന്നടിഞ്ഞ മണൽ വാരാൻ കരാർ നൽകിയാൽ വർഷം തോറും സർക്കാരിലേക്ക് കിട്ടാവുന്ന കോടികൾ ഇല്ലാതാകുകയാണ്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായാൽ മാത്രമേ ലേലം ചെയ്യാൻ കഴിയുകയുള്ളൂ. 8 വർഷം മുൻപ് വരെ പഴശ്ശി ഡാമിൽ നിന്നു മണൽ വാരുന്നത് ലേലം ചെയ്തിരുന്നു. ഒന്നരക്കോടിയോളം രൂപയ്ക്കാണ് അവസാനമായി ലേലം നടന്നത്.

സർക്കാർ നൽകുന്ന പാസ് മുഖേനയാണ് ആവശ്യക്കാർക്ക് മണൽ വിതരണം ചെയ്തിരുന്നത്. വർഷംതോറും നടക്കുന്ന ലേല നടപടികൾ നടക്കാതെ വന്നതോടെ പുഴയിൽ വേണ്ടതിലധികം മണൽ നിറഞ്ഞിരിക്കുകയാണ്. പുഴയിലെ മണൽ  നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയ സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അണക്കെട്ടിന്റെ താഴെ ഭാഗത്തു നിന്നു വ്യാപകമായി മണൽ വാരൽ നടക്കുന്നുണ്ട്. മണൽ മാഫിയാ സംഘം തന്നെ പ്രവർത്തിക്കുന്നു.

അണക്കെട്ടിലേക്കു ചേരുന്ന പുഴയുടെ ഭാഗമായ ഇരിട്ടി, വളളിയാട്, പടിയൂർ, പൂവം, കുയിലുർ, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണൽ വന്നടിഞ്ഞത്. സർക്കാരിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന മണൽ ശേഖരണം ലേലം ചെയ്യേണ്ട കാര്യത്തിൽ ഇനിയും വ്യക്തതയില്ല. വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പുഴകൾക്കും പ്രകൃതിക്കും ദോഷകരമല്ലാതെ പ്രാദേശിക സമിതിയോ പഞ്ചായത്തു സമിതിയോ മേൽനോട്ടം വഹിച്ച്  മണലെടുപ്പ് നടത്താൻ അനുമതി നൽകിയാൽ മണൽ കടത്ത് തടയാനും സർക്കാർ ഖജനാവിലേക്ക് കോടികൾ വരുമാനമുണ്ടാക്കാനും കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *