• Thu. Sep 19th, 2024
Top Tags

ചുറ്റും വെടിയൊച്ചകൾ മാത്രം, ഹാർകീവിൽ കടുത്ത ആക്രമണം; ഭക്ഷണമില്ലാതെ, ഉറങ്ങാനാകാതെ ഭയത്തിന്റെ ബങ്കറിൽ…

Bydesk

Feb 28, 2022

കണ്ണൂർ∙ ഓരോ ദിവസവും ഇരുട്ടിവെളുക്കുന്നതുപോലും അറിയാതെ ബങ്കറുകളിൽ കഴിയുകയാണു യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾ. റഷ്യൻ അതിർത്തി നഗരമായ ഹാർകീവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിനു താഴെയുള്ള ബങ്കറിൽ മാത്രം ഇരുന്നൂറോളം മലയാളി വിദ്യാർഥികളുണ്ട്. ഇതിൽ ഇരുപതോളം വിദ്യാർഥികൾ ജില്ലയിൽ നിന്നുള്ളവരാണ്.

സപോറോഷ്യയിലെ മെട്രോ സ്റ്റേഷന്റെ ബങ്കറിൽ അഞ്ഞൂറോളം മലയാളികളുണ്ട്. ഇവരിലും ജില്ലയിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ട്. ഓരോ നിമിഷം കഴിയുമ്പോഴും സ്ഥിതി വഷളാകുകയാണെന്നും ഇന്ത്യൻ എംബസി ഇടപെട്ട് രക്ഷിക്കണമെന്നുമാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പറയാനുള്ളത്.

ഹാർകീവിൽ കടുത്ത ആക്രമണം, നെഞ്ചിടിപ്പേറി വിദ്യാർഥികൾ

ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി കൂടുതൽ വഷളാകുകയാണെന്നു ഹാർകീവിലെ ബങ്കറുകളിൽ മൂന്നു ദിവസമായി കഴിയുന്ന കണ്ണൂർ സ്വദേശികളായ വിദ്യാർഥികൾ പറയുന്നു. ശുചിമുറിയിൽ പോകാനും മറ്റുമായി മുറികളിലേക്കു പോയെങ്കിലും അപകട സൈറൺ കേട്ട് ബങ്കറിലേക്കു പോരേണ്ടതായി വന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവുമുണ്ടെങ്കിലും അതിനുശേഷം എന്താകുമെന്ന് അറിയില്ല.

രണ്ടു ദിവസത്തേക്കു കൂടിയേ ഭക്ഷണം തരാനാകൂ എന്നു ഹോസ്റ്റലിൽ നിന്ന് അറിയിപ്പു ലഭിക്കുകയും ചെയ്തു. ഉറങ്ങാനോ കിടക്കാനോ കഴിയാത്തതിനാൽ ക്ഷീണവുമുണ്ട്. ബങ്കറിനുള്ളിൽ മതിയായ വെളിച്ചം പോലുമില്ലെന്ന് പരിയാരം സ്വദേശി അഭി ജോസ് പറഞ്ഞു. എംബസിയിൽ നിന്നു പറഞ്ഞാൽ മാത്രമേ പുറത്തേക്ക് ഇറങ്ങാനാവൂ എന്നതാണ് നിലവിലെ സ്ഥിതി.

റുമാനിയ, ഹംഗറി, പോളണ്ട് പോലുള്ള അതിർത്തി രാജ്യങ്ങൾ വഴിയുള്ള രക്ഷപെടൽ ഹാർകീവിലെ വിദ്യാർഥികളെ സംബന്ധിച്ച് എളുപ്പമല്ല. അതിർത്തിയിലേക്ക് 1000 കിലോമീറ്ററിലധികം ദൂരമുണ്ട്.  കഴിഞ്ഞ ദിവസത്തെക്കാൾ സ്ഥിതി മോശമായെന്നും അഭി പറയുന്നു. എവിടെയാണോ ഉള്ളത്, അവിടെ സുരക്ഷിതരായി ഇരിക്കൂ എന്ന നിർദേശമാണ് എംബസിയിൽ നിന്നു ലഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *