• Fri. Sep 20th, 2024
Top Tags

ആരോഗ്യ മന്ത്രി പറഞ്ഞിട്ടും രക്ഷയില്ല, പണി തീരാതെ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്

Bydesk

Mar 1, 2022

കണ്ണൂർ ∙ ആരോഗ്യമന്ത്രി നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല, ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് നിർമാണം പൂർത്തിയാക്കാൻ രണ്ടാം വട്ടവും നീട്ടി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു. ഇപ്പോഴത്തെ നിലയിൽ പണി തുടർന്നാൽ രോഗികളെ പ്രവേശിപ്പിക്കാൻ കെട്ടിടം സജ്ജം ആകണമെങ്കിൽ ഇനിയും ആഴ്ചകളെടുക്കും. കഴിഞ്ഞ നവംബർ 19ന് ജില്ലാ ആശുപത്രി സന്ദർശിക്കവേ ആയിരുന്നു ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന കർശന നിർദേശം ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയത്.

രണ്ടു തവണ തീയതി നീട്ടി നൽകിയ സാഹചര്യത്തിൽ ഇനി ഇളവ് ഉണ്ടാകില്ലെന്നു പ്രവൃത്തിക്കു മേൽനോട്ടം വഹിക്കുന്ന ബിഎസ്എൻഎൽ ഉദ്യോഗസ്ഥരോടും കരാറെടുത്ത പി ആൻഡ് സി പ്രോജക്ട്സ് ഉദ്യോഗസ്ഥരോടും മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും ഇവരുമായി ചർച്ച നടത്തിയിരുന്നു. രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ 2019 ജൂൺ 5നായിരുന്നു 61.72 കോടി രൂപയുടെ പ്രവൃത്തി തുടങ്ങിയത്.

ബിഎസ്എൻഎലിന്റെ മേൽനോട്ടത്തിൽ ഈറോഡ് ആസ്ഥാനമായ പി ആൻഡ് സി പ്രോജക്ട്സ് ആണു പ്രവൃത്തി കരാറെടുത്തത്. നിർമാണ കാലാവധി 2021 ജൂൺ 4ന് അവസാനിക്കേണ്ടതായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആറു മാസം കൂടി നീട്ടി. ഡിസംബറിലും പൂർത്തിയാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഫെബ്രുവരി വരെ വീണ്ടും സമയം നീട്ടിയത്.

ഇലക്ട്രിക്കൽ പാനലുകൾ സ്ഥാപിക്കൽ, ടൈൽ പതിക്കൽ, പെയിന്റിങ് ‍തുടങ്ങി ഒട്ടേറെ ജോലികൾ ഇനിയും ബാക്കിയുണ്ട്. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക് എന്നിവയാണു മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമിക്കുന്നത്. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ മറ്റു ജോലികൾ തുടങ്ങാൻ സാധിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *