• Fri. Sep 20th, 2024
Top Tags

എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ നിർണായക വഴിത്തിരിവ്; പ്രത്യേക രീതിയിൽ ഇടനിലക്കാരിലൂടെ വിതരണം…

Bydesk

Mar 24, 2022

കണ്ണൂർ ∙ നഗരത്തിൽ 1.950 കിലോഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കാപ്പാട് സ്വദേശി ബൽക്കീസും ഭർത്താവ് അഫ്സലും പിടിയിലായ ശേഷമുള്ള ദിവസങ്ങളിൽ നിസാമിന്റെ സംഘം വൻ തോതിൽ ലഹരിമരുന്നു വിതരണം ചെയ്തിരുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി മരക്കാർകണ്ടി സ്വദേശികളായ യുവാവിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പഴയങ്ങാടി സ്വദേശിയായ ബസ് ഡ്രൈവറുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

7ന് ആണ് ലഹരി മരുന്നുകളുമായി ബൽക്കീസും ഭർത്താവ് അഫ്സലും പിടിയിലായത്. തുടർന്നു മരക്കാർകണ്ടി സ്വദേശികളായ യുവാവും ഭാര്യയും 250 ഗ്രാം എംഡിഎംഎ നിസാമിന്റെ സംഘത്തിൽ നിന്നു കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടിലേക്കു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. നിസാം പ്രത്യേക രീതിയിൽ ഇടനിലക്കാരെ നിയോഗിക്കുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. മരക്കാർകണ്ടി സ്വദേശിയായ യുവാവ് ദുബായിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എംഡിഎംഎ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത്. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ രാസലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങി.

ലഹരിമരുന്നു വിൽപനയ്ക്കിടെ ഇയാളും ഭാര്യാ സഹോദരനും എക്സൈസിന്റെ കെണിയിൽപ്പെട്ടു ജയിലിലായി. കസ്റ്റഡിയിലിരിക്കെ യുവാവ് നിർദേശിച്ചതു പ്രകാരം ഭാര്യ നിസാമിനെ വാട്സാപ് കോളിലും മറ്റും ബന്ധപ്പെട്ടു. നിസാമിന്റെ നിർദേശപ്രകാരം വീട് മാറി ലഹരി വിതരണം തുടരുകയും ചെയ്തു. ബൽക്കീസിനെയും ഭർത്താവിനെയും മറ്റൊരിടത്തേക്കു മാറ്റി ആ വീട്ടിൽ യുവാവിനെയും ഭാര്യയെയും താമസിപ്പിക്കുകയായിരുന്നു. ഇടനിലക്കാർ പിടിയിലായാലും ഉപഭോക്താക്കൾ നഷ്ടപ്പെടാതിരിക്കാനുള്ള കരുതലും സ്വീകരിച്ചിരുന്നു. ഗൾഫിൽ അനധികൃത മദ്യവിതരണം ഇതേ രീതിയിൽ നടക്കുന്നുണ്ടെന്നാണു യുവാവിന്റെ മൊഴി.

ലഹരിമരുന്നു കേസിൽ ജയിലിലായിരിക്കുമ്പോഴും യുവാവ് 7 ലക്ഷം രൂപയുടെ ഇടപാടുകൾ നിസാമുമായി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.  25 ഗ്രാം ലഹരിമരുന്നു വാങ്ങിയതിനും ബാങ്ക് ഇടപാട് നടത്തിയതിനും തെളിവു ലഭിച്ചതിനെ തുടർന്നാണ് പഴയങ്ങാടി സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ബെംഗളൂരുവിൽ നിന്നു കസ്റ്റഡിയിലെടുത്ത നൈജീരിയൻ സ്വദേശിയെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു. ഡിഐജി രാഹുൽ ആർ.നായരുടെ പ്രത്യേക മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *