• Fri. Sep 20th, 2024
Top Tags

വനപാലകരെ തിരിച്ചോടിച്ച് ആനക്കൂട്ടം; ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വീട് തകർത്തു

Bydesk

Mar 29, 2022

ഇരിട്ടി∙ ആറളം ഫാമിൽ എത്ര തുരത്തിയാലും തിരിച്ചെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീടിന് നേരെയും. ബ്ലോക്ക് 7 ലെ രാജു ചെങ്കായത്തോടിന്റെ വീടിന്റെ ഭിത്തി പൊളിച്ചു ആഹാര സാധനങ്ങൾ പുറത്തെടുത്ത് നശിപ്പിച്ചു. ഷെഡ് പൂർണമായും തകർത്തു. ഇവിടെ താമസിച്ചിരുന്ന കുമാരൻ – ഓമന ദമ്പതികൾ ആക്രമണ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വീടിന്റെ ജനലിനോടു ചേർന്ന ഭിത്തി പൊളിച്ച് തുമ്പിക്കൈ അകത്തിട്ടു അരി ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. ജനലും തകർത്തു. രാജുവിന്റെ വീട് ആണെങ്കിലും ഇവിടെ കുമാരന്റെ കുടുംബം ആണു കഴിയുന്നത്. രാജു മക്കളുടെ പഠനാർഥം നേരത്തെ താമസിച്ചിരുന്ന ചെങ്കായത്തോട് കോളനിയിലേക്ക് താമസം മാറ്റിയിരുന്നു.

ഞായറാഴ്ച അടുത്ത വീട്ടിൽ ടിവി കാണാൻ പോയ കുമാരനും കുടുംബാംഗങ്ങളും വൈകിയതിനാൽ അവിടെ തന്നെ കിടന്നുറങ്ങി. രാവിലെ വീട്ടിൽ എത്തിയപ്പോഴാണു അപകടം അറിയുന്നത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ്കുമാർ, സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം കെ.കെ.ജനാർദനൻ, ഫാം ലോക്കൽ സെക്രട്ടറി പി.കെ.രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

പുനരധിവാസ മേഖലയും ഫാമും ആന ഭീഷണി നിഴലിൽ 

3 വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട ആനമതിൽ പണി ഇനിയും തുടങ്ങാതെ ഫയലിൽ തുടരുമ്പോൾ കാട്ടാന ഭീഷണിയുടെ നിഴലിലാണ് ഫാമും പുനരധിവാസ മേഖലയും. 2 മാസത്തിനിടെ കായ്ഫലമുള്ള 155 തെങ്ങ്, 12 കൂറ്റൻ പ്ലാവ്, 167 കശുമാവ് എന്നിവ കാട്ടാനക്കൂട്ടം തകർത്തു. 60 ഓളം ആനകളാണു ഫാമിൽ തമ്പടിച്ചു നാശം വിതയ്ക്കുന്നത്. രാത്രിയിലടക്കം 10 സുരക്ഷാ ജോലിക്കാരെയാണു ഫാമിലെ നഴ്സറികളുടെ സംരക്ഷണാർഥം സ്ഥിരം കാവലിനു നിയോഗിച്ചിട്ടുള്ളത്.

6 വർഷത്തിനിടെ 9 പേർക്കാണു ഫാമിൽ ആന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. 27.93 കോടി രൂപയുടെ കൃഷി നാശം ഫാമിൽ ഉണ്ടായി. 2019 ജനുവരി 6 ന് അന്നത്തെ മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ പദ്ധതി 8 മാസം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞ മാസം 7 ന് 3 മന്ത്രിമാരുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിട്ടും ‘സർക്കാർ ഉത്തരവ് ഇറങ്ങി’ എന്നതു മാത്രമാണു ഇതുവരെ സംഭവിച്ചിട്ടുള്ളത്.

വനപാലകരെ തിരിച്ചോടിച്ച് ആനക്കൂട്ടം

ജനുവരി 31 ന് ചെത്ത് തൊഴിലാളി പി.പി.റിജേഷ് ഫാമിൽ കൊല്ലപ്പെട്ടതിനു ശേഷം 3 തവണ എങ്കിലും കാട്ടാനക്കൂട്ടത്തെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി ഓടിച്ചിരുന്നു. കാട്ടിൽ കയറ്റി ആ ഭാഗത്ത് വനാതിർത്തി വനപാലകർ അടച്ചാലും മറ്റൊരു അതിർത്തി വഴി തൊട്ടടുത്ത ദിവസം ആനകൾ ഫാമിൽ തിരിച്ചെത്തുന്നു. തുടർച്ചയായി ഓടിക്കാൻ തുടങ്ങിയതോടെ ആനകൾ വനപാലകർക്കു നേരെ തിരിയുകയാണ്. കഴിഞ്ഞ ദിവസം കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *