• Fri. Sep 20th, 2024
Top Tags

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

Bydesk

Apr 30, 2022

ഇരിട്ടി :  സാമൂഹിക വനവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര പതിറ്റാണ്ടു മുൻപ് വനം വകുപ്പിന്റെ സാമൂഹിക വനവകൽക്കരണ വിഭാഗം പഴശ്ശി പദ്ധതിയുടെ അധീന ഭൂമിയിൽ നിന്നും ഏറ്റെടുത്ത് നിർമ്മിച്ച വള്ള്യാട്‌ സഞ്ജീവനി വനം ബോട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കുന്നു.

ചിത്രശലഭങ്ങളുടെയും നാശോന്മുഖമാവുന്ന വൃക്ഷങ്ങളുടെയും സസ്യജാലങ്ങളുടെയും അപൂർവയിനം പക്ഷിജാലങ്ങളുടെയും ഔഷധ ഉദ്യാനങ്ങളുടെയും കേന്ദ്രമാക്കി ഇതിനെ മനോഹരമായ ഒരു ബോട്ടാണിക്കൽ ഗാർഡനാക്കി മാറ്റി എടുക്കാനാണ് തീരുമാനം.

ഇതിന്റെ ആദ്യപടിയായി നാൽപ്പത്‌ ലക്ഷത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന്‌ സ്ഥലം സന്ദർശിച്ച വനം അസിസ്‌റ്റന്റ്‌ കൺസർവേറ്റർ ജി. പ്രദീപ്‌ പറഞ്ഞു. മൂന്ന് ഭാഗവും പഴശ്ശി ജലാശയത്താൽ ചുറ്റപ്പെട്ട 10 ഹെക്ടറോളം വരുന്ന പച്ചത്തുരുത്താണ് ഇത്. ഒന്നരപ്പതിറ്റാണ്ടു മുൻപാണ് സാമൂഹിക വനവൽക്കരണ വിഭാഗം പഴശ്ശി പദ്ധതിയുടെ കൈവശമുണ്ടായിരുന്ന വെള്ളം കയറാത്ത ഈ ഭൂമിയിൽ സഞ്ജീവനി വനം എന്ന പേരിൽ ഒരു ഔഷധത്തോട്ടം ഒരുക്കുന്നത്.

അപൂർവ്വയിനത്തിൽ പെട്ട നിരവധി ഔഷധ സസ്യങ്ങളും മരങ്ങളും ആരെയും ആകർഷിക്കുന്ന രീതിയിൽ ഇവിടെ നട്ടു പിടിപ്പിച്ചു. ഇവയുടെ എല്ലാം ശാസ്ത്രീയ നാമങ്ങൾ അടക്കം എഴുതിവെക്കുകയും ചെയ്തു. എന്നാൽ രണ്ടു വർഷത്തിന് ശേഷം ആരും തിരിഞ്ഞുനോക്കാതെ പരിചരണമില്ലാതെ സഞ്ജീവനി വനം നശിക്കുന്നതാണ് കണ്ടത്.

കാടുകയറിയതോടൊപ്പം കന്നുകാലികളുടെ മേച്ചിൽ സ്ഥലമായി ഇവിടം മാറി. സാമൂഹ്യദ്രോഹികളുടെ കടന്നുകയറ്റവും കൂടിയായതോടെ ചന്ദനം, രക്തചന്ദനം അടക്കമുള്ള വിലപിടിപ്പുള്ള മരങ്ങളും അപൂർവ ഔഷധ സസ്യങ്ങളും അപ്രത്യക്ഷമായി. പക്ഷെ ഏതു വേനലിലും പച്ചമേലാപ്പ് ചൂടിനിൽക്കുന്ന ഒരു പച്ചത്തുരുത്താന് ഇപ്പോഴും ഇവിടം.

ഇതിനു സമാന്തരമായി പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ബാവലിപ്പുഴയുടെ മറുകരയിലാണ് കഴിഞ്ഞദിവസം വനം മന്ത്രി ഉദ്‌ഘാടനം ചെയത പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക്. തൊട്ടടുത്തുതന്നെ അപൂർവ സസ്യജാലങ്ങളാലും പക്ഷി ജാലങ്ങളാലും സമ്പന്നമായ അകംതുരുത്തി ദ്വീപും സ്ഥിതിചെയ്യുന്നു.

സാമൂഹിക വനവൽകരണ വിഭാഗം തയ്യാറാക്കിയ വിദഗധ്‌ റിപ്പോർട്ട്‌ പരിഗണിച്ചാണ്‌ കേന്ദ്രസർക്കാർ സഹായം കൂടി ലഭ്യമാക്കി വള്ള്യാട്‌ ഉദ്യാനം ബോട്ടാണിക്കൽ ഉദ്യാന പദവിയിലേക്ക്‌ ഉയർത്തുന്നത്‌. പത്ത്‌ ഹെക്ടറിന്‌ ചുറ്റും സുരക്ഷ മതിൽ നിർമ്മിക്കും. ഇരിട്ടി പുഴയിലെ പഴശ്ശി ജലാശയത്തിന്‌ അഭിമുഖമായുള്ള വടക്ക്‌ ഭാഗത്ത്‌ ജലസൗന്ദര്യ കാഴ്‌ചകൾ ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കും.

ഉദ്യാനമാകെ ചുറ്റിനടന്ന്‌ കാണാൻ നടപ്പാതകൾ തീർക്കും. വനംവകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്‌ അപൂർവയിനം സസ്യങ്ങൾ, ഔഷധച്ചെടികൾ നാശോന്മുഖമാവുന്ന ഫലവൃക്ഷങ്ങൾ എന്നിവയെത്തിച്ച്‌ ഇവിടെ വച്ചുപിടിപ്പിക്കും. പെരുമ്പറമ്പിൽ ഈയിടെ വനം വകുപ്പാരംഭിച്ച ഇരിട്ടി ഇക്കൊ പാർക്കിലേക്ക്‌ വള്ള്യാട്‌ നിന്നും സഞ്ചാരികൾക്കായി തുഴവഞ്ചികൾ ഏർപ്പെടുത്തും.

വനംവകുപ്പിന്റെ ഓഫീസും മ്യൂസിയവും ഇന്റർ പ്രട്ടേഷൻസെന്ററും സജ്ജമാക്കും. പരിസ്ഥിതി ബോവൽകരണ ക്യാമ്പുകൾക്കും ക്ലാസുകൾക്കും ബോട്ടാണിക്കൽ ഗാർഡനിൽ സൗകര്യമൊരുക്കും. പടിയൂരിൽ നടപ്പാക്കുന്ന 5.66 കോടിയുടെ ടൂറിസം പദ്ധതിയുമായി വള്ള്യാട്‌ ഗാർഡൻ, ഇരിട്ടി ഇക്കൊ പാർക്ക്‌, അകംതുരുത്തി ദ്വീപ്‌ എന്നിവയെ കൂട്ടിയിണക്കാനുള്ള സാധ്യതകളും പരിശോധിക്കുകയാണെന്ന്‌ അസിസ്‌റ്റന്റ്‌ കൺസർവേറ്റർ പറഞ്ഞു.

നഗരസഭാ ചെയർമാൻ കെ. ശ്രീലത, വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ, എൻസിപി ജില്ലാ സെക്രട്ടറി അജയൻ പായം, കെ. മുഹമ്മദലി, പി. വിജയൻ, പി. പി. അനിതകുമാരി എന്നിവരുമുണ്ടായിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *