• Sat. Sep 21st, 2024
Top Tags

മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക്; ഇരിട്ടി പാലത്തിനു സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു

Bydesk

May 6, 2022

ഇരിട്ടി ∙ പാലത്തിനു സമീപം ശുചിത്വ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 തട്ടുകടകൾ പായം പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. തളിപ്പറമ്പ് റോഡരികിൽ മരാമത്ത് സ്ഥലത്ത് പന്തൽ കെട്ടി ആയിരുന്നു തട്ടുകടകളുടെ പ്രവർത്തനം. ഇവിടെ നിന്നു മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക് ഒഴുക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.2 മാസം മുൻപ് അധികൃതർ പരിശോധന നടത്തി ഇവ താൽക്കാലികമായി പൂട്ടിക്കുകയും തെറ്റുകൾ തിരുത്തണമെന്നു നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതനുസരിച്ചു മതിയായ ശുചിത്വ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പറഞ്ഞ് വീണ്ടും തട്ടുകൾ തുറന്നു.

ഇന്നലെ ആരോഗ്യ – പഞ്ചായത്ത് സംഘം വീണ്ടും പരിശോധന നടത്തുമ്പോൾ മലിനജലം ഓവുചാൽ വഴി പഴശ്ശി ജലസംഭരണിയിലേക്കാണ് ഒഴുക്കിവിടുന്നത് എന്നും വൃത്തിഹീനമായ ചുറ്റുപാടുകളിൽ ആണു തട്ടുകടകൾ പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തുകയും തുടർന്നു കർശന നടപടി സ്വീകരിക്കുകയും ആയിരുന്നു. യാതൊരുവിധ ലൈസൻസും ഇല്ലാതെയാണ് തട്ടുകടകൾ പ്രവർത്തിച്ചിരുന്നത് എന്നും അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്, ജെഎച്ച്ഐമാരായ മുഹമ്മദ് സലീം, മനോജ് ജേക്കബ് ഉള്ളാട്ടിൽ, അബ്ദുല്ല, പായം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ലതീഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *