• Sat. Sep 21st, 2024
Top Tags

വാണിയംകുന്ന് ഭാഗത്ത് അപകടങ്ങൾ സെഞ്ചറി കടന്നു

Bydesk

May 6, 2022

ചെറുപുഴ ∙ മലയോരപാതയിൽ വാണിയംകുന്ന് കയറ്റത്തിലും ഇറക്കത്തിലും അപകടങ്ങൾ പെരുകുന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുമാണു അപകടങ്ങൾ വർധിക്കാൻ കാരണം. മലയോര ഹൈവേ ഗതാഗതത്തിനു തുറന്നുകൊടുത്ത ശേഷം 100ലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വാണിയംകുന്ന്, പാക്കഞ്ഞിക്കാട് ഭാഗങ്ങളിൽ അപകടം പതിവുസംഭവമാണ്. ഇവിടെ ഉണ്ടായ അപകടങ്ങളിൽ 4 പേർ ജീവൻ നഷ്ടമാകുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്. ചൊവ്വാഴ്ച പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അഭിൻ സുനിൽ (17) മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കൂടെയുണ്ടായിരുന്ന തിരുമേനി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി അനന്തു മനോജ് ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഫെബ്രുവരി 20നു റോഡരികിലൂടെ നടന്നുപോകുകയായിരുന്ന 60കാരൻ കാറിടിച്ചു മരിച്ചിരുന്നു. ഇതിനു മുൻപ് ഒരു വിദ്യാർഥിനി ഉൾപ്പെടെ 2 പേരും  വാഹനാപകടത്തിൽ മരിച്ചിരുന്നു. അമിത വേഗവും ചെറുപുഴ മുതൽ വാണിയംകുന്ന് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതും അപകടങ്ങൾക്കു കാരണമാകുന്നു എന്നാണ് ആരോപണം. ഇതിനുപുറമെ വാണിയംകുന്ന് കയറ്റവും ഇറക്കവും ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ സാധിക്കാത്തതും അപകടത്തിന് ഇടയാക്കുന്നുണ്ട്.

മലയോരപാതയുടെ പല ഭാഗങ്ങളിലും അപകടമേഖല എന്നു സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്ന വാണിയംകുന്ന്, പാക്കഞ്ഞിക്കാട് ഭാഗങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ ഇല്ല. സ്ഥിരമായി വാഹനം ഓടിക്കുന്നവർക്ക് ഇവിടം അപകടമേഖല ആണെന്ന്  അറിയാമെങ്കിലും ദൂരെ നിന്നു വരുന്നവർക്ക് ഇക്കാര്യം അറിയില്ല. സ്ഥിരം അപകടമേഖലയായി മാറിയ വാണിയംകുന്നിലും പാക്കഞ്ഞിക്കാടും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും വാഹന പരിശോധന കർശനമാക്കുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *