• Sat. Sep 21st, 2024
Top Tags

വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു കേന്ദ്ര സർക്കാർ മടിക്കുന്ന‍തിനു പിന്നിൽ റബർ ബുള്ളറ്റ് പ്രയോഗം മതിയെന്ന സുപ്രീം കോടതിയുടെ പരാമർശം

Bydesk

May 6, 2022

തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു കേന്ദ്ര സർക്കാർ മടിക്കുന്ന‍തിനു പിന്നിൽ ‘റബർ ബുള്ളറ്റ്’ പ്രയോഗം മതിയെന്ന സുപ്രീം കോടതിയുടെ പരാമർശം.

ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന, എന്നാൽ ജീവഹാനി വരുത്താത്ത സ്ഫോടക വസ്തുക്കളും റബർ ബു‍ള്ളറ്റും ഉപയോഗിച്ചു ശല്യക്കാ‍രായ വന്യമൃഗങ്ങളെ ഭയപ്പെടുത്തിയാൽ മതിയെന്നാണു സുപ്രീം കോടതി 2020 ജൂലൈയിൽ ഉത്തരവിട്ടത്. കൊല്ലുന്നതിനു പകരം ‘ഒതുക്കാൻ’ സംവിധാനം ഏർപ്പെടുത്താമെന്നും കോടതി നിർദേശിച്ചു.

ആ സംവിധാനം ഇതുവരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കണ്ടെത്തിയിട്ടില്ല. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനങ്ങളും അതു സംബന്ധിച്ചു കേന്ദ്രത്തിനു ശുപാർശ നൽകിയിട്ടില്ല. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ കാട്ടുപന്നികൾക്കു നേരെ റബർ ബുള്ളറ്റ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

നീല‍ക്കാള ഉൾപ്പെടെ വന്യമൃഗങ്ങളെ ക്ഷുദ്രജീവി പ്രഖ്യാപനത്തിന്റെ പേരിൽ കൊല്ലുന്നതി‍നെതിരെ  ജനതാദൾ എംപി അനു‍ഭവ് മൊ‍ഹന്തി നൽകിയ ഹർജിയിലാണു റബർ ബു‍ള്ളറ്റും മറ്റും ഉപയോഗിച്ചാൽ മതിയെന്നു സുപ്രീം കോടതി നിർദേശിച്ചത്.

കാർഷിക വിളകൾക്കൊപ്പം വന്യമൃഗങ്ങ‍ളെയും സംരക്ഷിക്കണമെന്നാണു കോടതി നിരീക്ഷിച്ചത്. അതോടെയാണു ക്ഷുദ്രജീവി പ്രഖ്യാപന ആവശ്യവുമായി സംസ്ഥാനങ്ങൾ നൽകുന്ന ശുപാർശകൾ കേന്ദ്രം തിരിച്ചയച്ചു തുടങ്ങിയത്.

കേരളം പല തവണയായി നൽകിയ ശുപാർശയും വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ കത്തുമെല്ലാം കേന്ദ്രം തള്ളിയിരുന്നു. തൽക്കാലം, കാട്ടുപന്നിയെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി നീട്ടാ‍നാണു കേരളത്തിന്റെ തീരുമാനം.

ഉത്തരവ് ഉടൻ ഇറങ്ങും. തോക്ക് ലൈസൻസ് ഉള്ളവർക്കു മാത്രമാണ് കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കേരളത്തിൽ അനുമതിയുള്ളത്. ഈ ഉത്തരവിന്റെ കാലാവധി ഇൗ മാസം 18 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണു നീട്ടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *