ഇരിട്ടി: കേരള ചലച്ചിത്ര വികസന കോര്പറേഷന് ഇരിട്ടി കല്ലുമുട്ടിയില്‍ നിര്‍മിക്കുന്ന തിയേറ്റര്‍ സമുച്ചയ നിര്‍മാണപ്രവൃത്തി മന്ത്രി സജി ചെറിയാന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തിയേറ്റര്‍ സ്ഥാപിക്കുന്നതിനായി പായം പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ രേഖകള്‍ ചടങ്ങില്‍ ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍.കരുണിന് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി കൈമാറി. ചലച്ചിത്ര വികസന കോര്പറേഷന് എംഡി എന്‍.മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗാനരചയിതാവും കെഎസ്എഫ്ഡിസി ബോര്‍ഡ് മെംബറുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, മുന്‍ പ്രസിഡന്റ് എന്‍.അശോകന് എന്നിവര്‍ പ്രസംഗിച്ചു.
പായം പഞ്ചായത്ത് ഇതിനകം നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില ഷോപ്പിംഗ് മാളിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് ആറു കോടി രൂപ ചെലവില്‍ രണ്ട് തിയേറ്ററുകള്‍ നിര്‍മിക്കുന്നത്. ആറു മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.