• Fri. Sep 20th, 2024
Top Tags

കാട്ടാനശല്യം; അയ്യൻകുന്നിലെ വനാതിർത്തികളിൽ പ്രതിരോധമാർഗങ്ങളൊരുക്കാൻ താമസമെന്തിന്

Bydesk

May 27, 2022

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ മേഖലകളിൽ തൂക്കുവേലിയുൾപ്പെടെയുള്ള പ്രതിരോധമാർഗം സ്വീകരിക്കാൻ നടപടിയുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻകടവ്, രണ്ടാംകടവ്, മുടിക്കയം, പുല്ലൻപാറ തട്ട് മേഖലകളിൽ കേരളത്തിലെയും കർണാടകത്തിലെയും വന്യജീവിസങ്കേതങ്ങളിൽനിന്ന്‌ വൻതോതിൽ ആനക്കൂട്ടം കൃഷിയിടങ്ങളിലേക്കിറങ്ങി വ്യാപകമായ നാശം വരുത്തുകയാണ്.

ഇവിടങ്ങളിലൊന്നും വനാതിർത്തിയിൽ പ്രതിരോധമാർഗങ്ങളില്ല. കർണാടകയുടെ ബ്രഹ്മഗിരി മലനിരകളിൽനിന്ന്‌ ആനക്കൂട്ടം ബാരപോൾപുഴ കടന്ന് ജനവാസമേഖലകളിൽ എത്തുകയാണ്. പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് സ്വകാര്യഭൂമി കാടുമൂടി കിടക്കുന്നതും വന്യമൃഗങ്ങളെ ആകർഷിക്കുന്നു. ക്വാറിമാഫിയകളുടെ നിയന്ത്രണത്തിലുള്ള ഭൂമിയിലെ കാട് വെട്ടിത്തെളിക്കണമെന്നാവശ്യം നടപ്പാക്കുന്നില്ല. ഇത്തരം ഭൂമികൾ പിടിച്ചെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ആഴ്ചയിൽ മൂന്നും നാലും ദിവസമാണ് ആനക്കൂട്ടം ജനവാസമേഖലയിലെത്തുന്നത്. പകൽസമയങ്ങളിൽ സ്വകാര്യവ്യക്തികളുടെ വനത്തിന് സമാനമായ കാടുമൂടികിടക്കുന്ന പ്രദേശത്ത് താവളമാക്കുന്ന ആനക്കൂട്ടം ഇരുട്ട് വീഴുമ്പോൾ കൃഷിയിടങ്ങളിലേക്കെത്തുകയാണ്. പ്രദേശങ്ങളിലെ നൂറുകണക്കിന് കർഷകരുടെ വിളകളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *