• Fri. Sep 20th, 2024
Top Tags

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: പ്രതിഷേധിച്ച് കെഎസ്‌യുവും യൂത്ത് കോൺഗ്രസും

Bydesk

Jun 8, 2022

കണ്ണൂർ ∙ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിൽ നിന്നു പ്രകടനമായെത്തി നഗരം ചുറ്റി കാൽടെക്സിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

തുടർന്നാണു കോലം കത്തിച്ചത്. പിണറായി വിജയൻ കടത്ത് വിജയനായി മാറിയെന്നും നാടിനെയും ജനങ്ങളെയും വഞ്ചിച്ച പിണറായി ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും രാജി വച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അശ്വിൻ മതുക്കോത്ത്, ഹരികൃഷ്ണൻ പാളാട്, ആഷിത് അശോകൻ, സി.കെ.അബ്ദുൽ വാജിദ്, അലേഖ് കാടാച്ചിറ, രാഗേഷ് ബാലൻ, മുഹമ്മദ്‌ റിസ്വാൻ എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി കലക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കെ.കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, റിജിൻ രാജ്, വി.രാഹുൽ, ഷാജു കണ്ടമ്പേത്ത്, സി.വി.സുമിത്ത്, സുമേഷ് കുമാർ, ജിതിൻ ലൂക്കോസ്, നവീൻ കുമാർ, രാഗേഷ് തില്ലങ്കേരി, പ്രശാന്ത്, കെ.കെ.വിജേഷ്, മുഹ്സിൻ കീഴ്ത്തള്ളി, മുഹമ്മദ്‌ ഷമ്മാസ്, രാജേഷ് കൂടാളി, ചിന്മയ്, ബ്ലോക്ക്‌ പ്രസിഡന്റുമാരായ എം.കെ.വരുൺ, ഫർസീൻ മജീദ് എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *