ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറുമെന്നാണ് അറിയിപ്പ്. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ഇറാന്-യുഎസ് സമാധാന കരാറിന് പിന്നാലെ ആഗോള എണ്ണവിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 79.88 ഡോറളിലെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. സമാധാന കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് എണ്ണവിലയില്‍ മാറ്റം വന്നത്.

