• Fri. Sep 20th, 2024
Top Tags

ഗവ. താലൂക്ക് ആശുപത്രിയിൽ തീരാത്ത പണി; ഒപി കെട്ടിടം തുറന്നില്ല

Bydesk

Jun 8, 2022

പയ്യന്നൂർ ∙ നിർമാണ പ്രവൃത്തികൾക്കായി അടച്ചിട്ട ഗവ.താലൂക്ക് ആശുപത്രി ഒപി കെട്ടിടം ഇനിയും തുറന്നില്ല. സർവീസ് ലൈൻ, പ്ലമിങ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ എന്നീ പ്രവൃത്തികൾ പൂർത്തിയാക്കാൻ മാർച്ച് 26നാണ് ഒപി, ഐപി, ഓപ്പറേഷൻ തിയറ്റർ ബ്ലോക്കുകൾ പൂർണമായും മറ്റുള്ള വിഭാഗങ്ങൾ ഭാഗികമായും അടച്ചിട്ടത്. മേയ് 26 വരെ അടിച്ചിടാനായിരുന്നു ടി.ഐ.മധുസൂദനൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന എൻജിനീയർമാരുടെ യോഗം തീരുമാനിച്ചത്. പണി പൂർത്തീകരിക്കാൻ 2 മാസം മതിയെന്നായിരുന്നു വിലയിരുത്തൽ.

മഴ തുടങ്ങുമ്പോൾ പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പെരുകുമെന്നും ആ സമയത്ത് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുമെന്ന സാഹചര്യത്തിൽ മേയ് 27ന് നിർബന്ധമായും പ്രവർത്തനം സാധാരണ നിലയിലാക്കാൻ തയാറാക്കണമെന്ന് എംഎൽഎയും നഗരസഭ അധ്യക്ഷയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും പ്രവർത്തനം സാധാരണ നിലയിലെത്തിയില്ല. ഇന്നലെ ആയിരത്തിലധികം രോഗികൾ ഒപി റജിസ്ട്രേഷൻ  നടത്തി. പേവാർഡിന് മുന്നിൽ കോണിക്ക് താഴെയാണ് ഒപി കൗണ്ടറുള്ളത്. ഇവിടെ നിന്ന് ഒപി ടിക്കറ്റ് വാങ്ങിയാൽ പേവാർഡിലെ കുടുസു വരാന്തയിൽ വിവിധ ഒപികളിലേക്ക് പോകാൻ കാത്ത് നിൽക്കണം 10 പേർക്ക് ഒരുമിച്ച് നിൽക്കാൻ പറ്റാത്ത വരാന്തയിൽ എത്തുന്ന രോഗികൾ ഭൂരിഭാഗവും അപ്പോൾ തന്നെ മടങ്ങും.

അവർ സ്വകാര്യ ആശുപത്രികളെ ശരണം പ്രാപിക്കും. അടച്ചിട്ട ഒപി കെട്ടിടവുമായി ബന്ധപ്പെട്ട് നിർമാണ പ്രവൃത്തി ഒന്നും നടക്കുന്നുമില്ല. മാത്രവുമല്ല ആ കെട്ടിടത്തിൽ ഫാർമസി പ്രവർത്തിപ്പിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഒപി വിഭാഗം അങ്ങോട്ട് മാറ്റാത്തത് എന്ന ചോദ്യത്തിന് സുപ്രണ്ടാണ് അത് തീരുമാനിക്കേണ്ടത് എന്ന മറുപടിയാണ് ലഭിക്കുന്നത്. സൂപ്രണ്ട് ആശുപത്രിയിൽ കൃത്യമായി എത്തുന്നില്ലെന്ന് നഗരസഭ അധ്യക്ഷ ജില്ലാ മെഡിക്കൽ ഓഫിസറോട് പരാതിപ്പെട്ടിട്ടുണ്ട്. അതിനും നടപടിയുണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *