• Fri. Sep 20th, 2024
Top Tags

കൂത്തുപറമ്പിൽ ഒരാഴ്ചയ്ക്കിടെ പത്തോളം അപകടങ്ങൾ; ഒരാളുടെ ജീവനും നഷ്ടമായി

Bydesk

Jun 11, 2022

കൂത്തുപറമ്പ് ∙ കൂത്തുപറമ്പിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കു ഉള്ളിൽ നടന്നത് ചെറുതും വലുതുമായ പത്തോളം വാഹന അപകടങ്ങൾ. വ്യാഴാഴ്ച കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കായലോട് നടന്ന വാഹന അപകടത്തിൽ ഒരാൾക്ക് ജീവനും നഷ്ടമായി. കായലോട് അച്ചങ്കര ജുമാമസ്ജിദിനു മുൻവശത്ത് വച്ച് ഓലായിക്കര തൊടുവൈ സുധീർ ഓടിച്ച സ്കൂട്ടർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ ടോറസ് ലോറി പാറാലിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ കയറി സോളർ വിളക്ക് കാലുകൾ തകർത്തു.

പുലർച്ചെ ആയതിനാലും റോഡിൽ മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. ചൊവ്വാഴ്ച മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ മരത്തിലിടിച്ചു.5 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അന്ന് വൈകുന്നേരം തന്നെ മാനന്തേരി മണ്ണന്തറയിൽ വച്ച് മാനന്തവാടിയിൽ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു.

ബസ് ഡ്രൈവർ ഉൾപ്പെടെ മുപ്പത്തിയഞ്ചോളം യാത്രക്കാർക്കും ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ പരുക്കേറ്റു. തിങ്കളാഴ്ച പൂക്കോട് കുന്നപ്പാടി ബസാറിൽ ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ 5 പേർക്ക് പരുക്കേറ്റിരുന്നു. ഒരു മാസം മുൻപാണ് നിർമലഗിരി നീറോളിച്ചാലിൽ വഴിയാത്രക്കാരനായ വ്യാപാരി വാഹനം ഇടിച്ച് മരിച്ചത്. അപകടങ്ങൾ പതിവായതോടെ റോഡിൽ പരിശോധനയും ‍ഡ്രൈവർമാർക്കും ജനങ്ങൾക്കും ബോധവൽക്കരണവും കാര്യക്ഷമമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *