ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവ് വന്നതിന് ശേഷം ഇതാദ്യമായാണ് ഒരു എണ്ണ കമ്പനി വില കുറക്കുന്നത്.
രാജ്യത്തെ 7,000 നയാര പമ്പുകളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തയാറായിട്ടില്ല. രാജ്യത്തിന് ആവശ്യമായ 90 ശതമാനം ഇന്ധനവും വിതരണം ചെയ്യുന്നത് ഈ കമ്പനികളാണ്. ഒരു ലക്ഷത്തിലധികം പമ്പുകള്‍ കമ്പനികള്‍ക്കുണ്ട്.
രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വരും.ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എണ്ണകമ്പനികള്‍ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരും. അതേസമയം, യുദ്ധകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വിലയിടിവിലാണ് രാജ്യാന്തര വിപണിയില്‍ എണ്ണ വില്‍ക്കുന്നത്. ബാരലിന് 73.18 ഡോളറിലാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില. ഡബ്യുടിഐ ക്രൂഡോയിലിന്റെ വ്യാപാരം 69.77 ഡോളറിലും പുരോഗമിക്കുന്നു. യുദ്ധത്തിന്റെ ഗതിയനുസരിച്ചിരിക്കും വരും ദിവസങ്ങളിലെ എണ്ണവില.

