• Fri. Sep 20th, 2024
Top Tags

കൃഷി നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം

Bydesk

Aug 30, 2022

ചെറുപുഴ ∙ ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയിലും രാജഗിരിയിലും കഴിഞ്ഞദിവസം രാത്രി 8ലേറെ വരുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി തെങ്ങ്, കമുക്, വാഴ, കൈത തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. തച്ചിലേടത്ത് ഡാർവിൻ, തറയിൽ തോമസ്, തറയിൽ ഷാജി എന്നിവരുടെ കൃഷികളാണു കാട്ടാനകൾ നശിപ്പിച്ചത്. കുലച്ച ഒട്ടേറെ വാഴകൾ നശിപ്പിച്ചു. രാജഗിരി ഇടക്കോളനിയിൽ കാട്ടാനകൾ നാശം വിതയ്ക്കുന്നതു പതിവാണെങ്കിലും, രാജഗിരി ഭാഗത്തെത്തി കൃഷികൾ നശിക്കുന്നത് അപൂർവമാണ്.

കർണാടക വനത്തിൽ നിന്നിറങ്ങി വരുന്ന കാട്ടാനകൾ രാജഗിരി ഇടക്കോളനിയിൽ എത്തിയ ശേഷം തേജസ്വിനിപ്പുഴ കടന്നു വേണം രാജഗിരി ഭാഗത്ത് എത്താൻ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മലയോരത്ത് കനത്ത മഴയായതിനാൽ പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു. എന്നിട്ടും കാട്ടാനകൾ പുഴ കടന്ന് ഇക്കരെ എത്തി കൃഷികൾ നശിപ്പിച്ചതു പ്രദേശവാസികളെ ഭീതിയിലാക്കി. രാജഗിരി ഇടക്കോളനിയിൽ ഈ വർഷം 10 തവണയെങ്കിലും കാട്ടാനകൾ കൃഷികൾ നശിപ്പിച്ചു.

എന്നിട്ടും കേരള-കർണാടക അതിർത്തിയിലെ വൈദ്യുത വേലി നന്നാക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന‌് ഉണ്ടായിട്ടില്ല. ഓരോ തവണയും കാട്ടാനകൾ കൃഷികൾ നശിപ്പിക്കുമ്പോൾ ഓടി എത്തുന്ന ജനപ്രതിനിധികൾ വാഗ്ദാനം നൽകി മടങ്ങുകയാണു പതിവ്. തകർന്നു കിടക്കുന്ന വൈദ്യുത വേലി പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *