• Fri. Sep 20th, 2024
Top Tags

5 വർഷം; മലയോര ടൂറിസം പദ്ധതി കടലാസിൽതന്നെ

Bydesk

Sep 12, 2022

ചെറുപുഴ ∙ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലയോരമേഖല കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം 5 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. കേരള -കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ മലകളും തേജസ്വിനിപ്പുഴയും മറ്റും ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കുമെന്നായി പ്രഖ്യാപനം. കാർഷിക വിളകളുടെ വിലയിടിവും രോഗബാധയുംമൂലം പ്രതിസന്ധിയിലായ കാർഷിക മേഖലയ്ക്കു കൂടുതൽ ഉണർവേകുമെന്നു കരുതിയ പദ്ധതികൾ ഇപ്പോൾ കടലാസിൽ മാത്രമായി.

പദ്ധതി നടപ്പാക്കുന്നതിനായി പുഴ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി. അന്നത്തെ എംഎൽഎ സി.കൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം കൊട്ടത്തലച്ചിമല സന്ദർശിക്കുകയും പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. കൊട്ടത്തലച്ചിമലയിൽ സ്വകാര്യവ്യക്തി പഞ്ചായത്തിനു നൽകിയ സ്ഥലം ടൂറിസം പദ്ധതിക്ക് ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. എന്നാൽ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പദ്ധതി നടത്തിപ്പിൽ ഒരു വിധത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ല.

അസ്തമിച്ച പ്രതീക്ഷകൾ

മലയോര ടൂറിസം പദ്ധതി നടപ്പായാൽ കൃഷിക്കും കച്ചവട മേഖലയ്ക്കും വൻനേട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ. ഗ്രാമീണ ടൂറിസം പദ്ധതിയിൽ വിനോദ സഞ്ചാരികൾക്കു മലയോര മേഖലയിലെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. ഈ സമയം കർഷകർക്കു തങ്ങളുടെ  ഉൽപന്നങ്ങൾ വിറ്റഴിക്കാനുമാകും. കണ്ണൂർ -കാസർകോട് ജില്ലകളുടെ അതിർത്തി പട്ടണമായ ചെറുപുഴയിൽ പാർക്കും മറ്റും പ്രവർത്തനം ആരംഭിക്കുന്നതോടെ ടൗണിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. ഇത് വ്യാപാര മേഖലയ്ക്ക് ഗുണം ചെയ്യും. ഇതിനുപുറമെ തൊഴിലവസരങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.

സാധ്യതകളുടെ മലയോരം

ചെറുപുഴ റെഗുലേറ്റർ -കം -ബ്രിജ്, മേഖലയിലെ കമ്പിപ്പാലങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. രാജഗിരി, കാനംവയൽ, മരുതുംതട്ട്, ചേനാട്ടുക്കൊല്ലി, ജോസ്ഗിരി, തിരുനെറ്റിക്കല്ല്, കൊട്ടത്തലച്ചിമല, താബോർ, കോറാളി, ചാത്തമംഗലം തുടങ്ങിയ മലനിരകളിലെ കാഴ്ചകൾ നയന മനോഹരമാണ്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതികൾ നടപ്പാക്കാനായിരുന്നു തീരുമാനം. മലയോരത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചെറുപുഴ ടൗണിനോടു ചേർന്നുള്ള തേജസ്വിനിപ്പുഴയിലെ കമ്പിപ്പാലത്തിനു സമീപം നിർമിച്ച തടയണയിൽ പെഡൽ പാർക്ക്, വോക്ക് വേ എന്നിവയും ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *