• Fri. Sep 20th, 2024
Top Tags

കുണ്ടും കുഴിയുമായ റോഡുകളും പെട്രോൾ പമ്പുകളിലെ തിരക്കും; മാഹി കടക്കണോ?, കാത്തു കിടക്കണം!

Bydesk

Sep 12, 2022

മാഹി ∙ ദേശീയപാതയിലെ യാത്രക്കാർക്കു മാഹി കടന്നു കിട്ടാൻ മണിക്കൂറുകൾ വേണം. തകർന്നു കുണ്ടും കുഴിയുമായ റോഡുകളും പെട്രോൾ പമ്പുകളിലെ തിരക്കുമാണു ഗതാഗതക്കുരുക്കിനു കാരണം. മാഹിയിൽ ട്രാഫിക് യൂണിറ്റ് നിലവിൽ വന്നെങ്കിലും വാഹനങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ പിന്നോട്ടാണ്. പകൽ റോഡരികുകളിൽ പൊലീസ് ഉണ്ടാകാറുണ്ടെങ്കിലും സ്വകാര്യ ബസുകളുടെ വരി തെറ്റിച്ചുള്ള ഓട്ടം തടയപ്പെടുന്നില്ല. ഇത് അഴിയാക്കുരുക്കിനു കാരണമാവുകയാണ്.

രാത്രി സമയത്ത് പൊലീസ് സാന്നിധ്യവും ഉണ്ടാകാറില്ല. രാത്രിയെന്നോ പകലെന്നോയില്ലാതെ ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. മാഹി പാലം മുതൽ പൂഴിത്തല വരെ റോഡ് ഇല്ലെന്ന നിലയിലായിട്ടുണ്ട്. പാലത്തിൽ പല ഭാഗത്തും കോൺക്രീറ്റ് അടർന്നു മാറി വൻകുഴികൾ രൂപപ്പെട്ടു. പാലത്തിലും തിലക് കോർണറിലും താൽക്കാലിക നടപടിയെന്ന നിലയിൽ അടച്ച കുഴികൾ കനത്ത മഴയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. വാഹനങ്ങൾ മാഹി കടക്കുന്നത് ഇഴഞ്ഞു നീങ്ങിയാണ്. ചിലപ്പോൾ ദീർഘനേരം അനക്കമറ്റു കിടക്കേണ്ടിയും വരുന്നു.

 

വടകര ഭാഗത്ത് നിന്നു വരുന്ന ഭാരം കയറ്റിയ വലിയ ലോറികളും കണ്ടെയ്നറുകളും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കയറ്റം കയറാനാവാതെ നിലച്ചു പോകുന്നു. ഇത് ഏറെ നേരത്തെ കുരുക്കിനു കാരണമാവുകയാണ്. ആശുപത്രി റോഡിൽ നിന്നു  ദേശീയപാതയിലേക്കു കടക്കുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ അഴിയാക്കുരുക്കായി തീരുന്നു. പെട്രോൾ, ഡീസൽ വിലയിലെ കുറവു കാരണം പമ്പുകളിലേക്കു കയറാനും ഇറങ്ങാനുള്ള വാഹനങ്ങളുടെ നിരയും കുരുക്കിനു കാരണമാണ്.

ജനത്തിന് ഇത്രയേറെ ദുരിതമുണ്ടാക്കുന്ന അവസ്ഥയ്ക്കു പരിഹാരം കാണാനുള്ള നീക്കമൊന്നും കാണുന്നില്ല. പദ്ധതി തയാറാക്കി, പണം അനുവദിച്ചു, ഇപ്പോൾ ശരിയാക്കിത്തരാം തുടങ്ങിയ പതിവു പ്രതികരണങ്ങൾ മാത്രമാണ് അധികൃതരിൽ നിന്ന് ഉണ്ടാകുന്നത്. മാഹിയിലെയും തലശ്ശേരിയിലെയും ഗതാഗതക്കുരുക്ക് തലശ്ശേരി–മാഹി ബൈപാസ് യാഥാർഥ്യമായാൽ തീരുമെന്നു കരുതിയെങ്കിലും ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് നിർമാണ ജോലി ഇഴയുകയാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *