• Fri. Sep 20th, 2024
Top Tags

ജനമനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്നവർ വനവാസികളെ സംരക്ഷിക്കാൻ മതിൽ കെട്ടാത്തതെന്ത്? കുമ്മനം

Bydesk

Oct 20, 2022

ഇരിട്ടി: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളുടെ മനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്ന സർക്കാർ വനവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ആറളം ഫാമിൽ ആനമതിൽ നിർമിക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ.

ആറളം പുനരദിവാസ മേഖലയിൽ നടന്ന ദ്വിദിന സഹവാസ സമര സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ആദിവാസി സംരക്ഷണത്തിനായി ചിലവിടുന്ന കോടികൾ വക മാറ്റി ചെലവഴിക്കുകയാണ് .സംസ്ഥാന സർക്കാർ പാവപ്പെട്ട ആദിവാസികളുടെ പണം അപഹരിക്കുന്നവർക്കെതിരെ കാലം കണക്ക് ചോദിക്കും. തട്ടിപ്പുകൾ നടത്തുന്ന പദ്ധതികൾ മാത്രമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കുള്ള സ്വാതന്ത്ര്യവും അവകാശവും മണ്ണിൻറെ മക്കൾക്കും ഉണ്ടെന്ന ബോധം പിണറായി വിജയനും വേണം. ആദിവാസികളുടെ പേരിൽ സിപിഎം എന്തിനാണ് കളക്ടറേറ്റിൽ സമരം നടത്തുന്നത്. കളക്ടർ ആണോ ഇതിനു ഉത്തരവാദി. ഭരണ നേതൃത്വം നടപ്പിലാക്കേണ്ട പദ്ധതി ഇച്ഛാശക്തി ഉപയോഗിച്ച് നടപ്പിലാക്കാൻ പറ്റാത്തതിന് സമരം നടത്തി ആദിവാസികളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവർ ചെയ്യുന്നത്. നാലര ലക്ഷം ഹെക്ടർ മിച്ച ഭൂമിയും പാട്ടക്കരാർ അവസാനിപ്പിച്ച അഞ്ചര ലക്ഷം ഭൂമിയും കേരളത്തിലുള്ളപ്പോൾ മൂന്നുലക്ഷം വരുന്ന ഭൂരഹിതർക്ക് ഭൂമി കൊടുക്കാൻ എന്താണ് പ്രയാസം. ഈ ആവശ്യത്തിന് വേണ്ടി ആറുവർഷം മുമ്പ് ആറന്മുളയിൽ ഉൾപ്പെടെ സിപിഎം കെട്ടിയ കുടിലുകൾ എവിടെ. എന്തുകൊണ്ട് ഭൂമി കൊടുക്കുന്നില്ല.

ആദിവാസി ദുർബല വിഭാഗങ്ങളോട് പിണറായി സർക്കാരിൻറെ അവഗണനയാണ് ഇത് വെളിപ്പെടുത്തുന്നത്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുന്നതിന് രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന നിർവാഹ സമിതി അംഗം വി. വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് വിഭാഗം കാര്യകാരി സദസ്യൻ സജീവൻ ആറളം മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ആർഎസ്എസ് ബിജെപി നേതാക്കളായ എൻ. ഹരിദാസൻ, എം. ആർ. സുരേഷ്, ബിജു ഏളക്കുഴി, അഡ്വ. രത്നാകരൻ, പി. ആർ. രാജൻ, സത്യൻ കൊമ്മേരി, ജ്യോതി പ്രകാശ്, രാമദാസ് എടക്കനം, പി.ജി. സന്തോഷ് എന്നിവർ സംസാരിച്ചു.

ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും കാട്ടാനകളുടെയും വന്യ മൃഗങ്ങളുടെയും അക്രമത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഛായാചിത്രത്തിന് മുന്നിൽ കുമ്മനം രാജശേഖരൻ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *