• Wed. Jun 19th, 2024
Top Tags

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി

Bydesk

Sep 5, 2021

തിരുവനന്തപുരം:  സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാർക്ക് വെബിൽ ഫലപ്രദമായി പോലീസ് നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ രീതിയിൽ സോഫ്റ്റ് വെയർ  നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കേരളാപോലീസ് ഹാക്ക്-പി 2021 എന്നപേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാർക്ക്  വെബിലെ  നിഗൂഢതകൾ  നീക്കുന്നതിനും കുറ്റകൃത്യങ്ങൾ  വിശകലനം ചെയ്യുന്നതിനുമായി ഹാക്കത്തോണിലൂടെ നിർമ്മിച്ചെടുത്ത ‘Grapnel 1.0’ എന്ന സോഫ്റ്റ് വെയറിന്റെ പ്രോജക്ട് ലോഞ്ച് മുഖ്യമന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു. ഡാർക്ക് വെബിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടുപിടിക്കാൻ പൊതുവെ പ്രയാസമാണ്. ഇതിന് പരിഹാരമായി വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ് വെയർ പോലീസിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകിയാൽ മാത്രമേ അവയെ ഇല്ലായ്മ ചെയ്യാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോധവത്ക്കരണ പരിപാടികൾ പോലീസിന്റെ മറ്റ് ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാതിരിക്കാനുളള ഉപായമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ഡാർക്ക്  വെബിലൂടെ  നടക്കുന്ന  കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന്  കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക  തട്ടിപ്പുകൾ എന്നിവ  ഈ സോഫ്റ്റ് വെയർ  ഉപയോഗിച്ച്  കണ്ടെത്തുവാനും  അവയുമായി  ബന്ധപ്പെട്ട  അന്വേഷണങ്ങൾ  നടത്തുവാനും സാധിക്കും. സൈബർ ഡോം മെഡൽ ഓഫ് എക്‌സലൻസ്, സമ്മേളനത്തിലെ വിജയികൾക്കുളള അവാർഡ്, കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകളായി തെരഞ്ഞെടുക്കപ്പെട്ട തമ്പാനൂർ, ഇരിങ്ങാലക്കുട, കുന്നമംഗലം എന്നീ പോലീസ് സ്റ്റേഷനുകൾക്കുളള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ്.എസ്.സാഖ്‌റെ, ഡി.ഐ.ജി പി.പ്രകാശ്, പേടിഎം സീനിയർ വൈസ് പ്രസിഡന്റ് ജതീന്ദർ താങ്കർ, എസ്.ബി.ഐ ജനറൽ മാനേജർ ഇന്ദ്രാനിൽ ബഞ്ച എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സൈബർ ഡോമിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്രതലത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. ഡീമിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് എന്നതായിരുന്നു ഈ വർഷത്തെ ഹാക്കത്തോൺ തീം. സൈബർ ഡോം നോഡൽ ഓഫീസറായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 15 ന് ആരംഭിച്ച ഹാക്കത്തോൺ രജിസ്‌ട്രേഷനിൽ  ലോകത്തിന്റെ പല ഭാഗങ്ങളിൽ  നിന്നായി വിദഗ്ദ്ധരുടെ 360 ഓളം അപേക്ഷകൾ  ലഭിച്ചു.   രണ്ട് ഘട്ടങ്ങളായി നടന്ന സ്‌ക്രീനിങ്ങിൽ മികച്ച രീതിയിൽ ടെക്‌നിക്കൽ/പ്രോഗ്രാമിങ്  സ്‌കിൽ പ്രകടിപ്പിച്ച  26  പേരാണ് അവസാന ഘട്ടത്തിൽ മൽസരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *