തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എൻ ശിവൻകുട്ടി. രണ്ട് ദിവസത്തിനുള്ളിൽ ടൈംടേബിൾ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിലായിരിക്കും പരീക്ഷ ടൈംടേബിൾ ക്രമീകരിക്കുക. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉച്ചയോടെ ഏകദേശ ധാരണയാകുമെന്നാണ് മന്ത്രി അറിയിച്ചത്.
പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പ്ലസ് വൺ പരീക്ഷ നടത്തിയാൽ മാത്രമേ പ്ലസ് ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയുള്ളു. അതിനാൽ എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ പൊതുതാൽപര്യഹർജികൾ തള്ളണമെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.
കൊവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രിംകോടതിയിൽ ഉറപ്പ് നൽകി. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാത്ത രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.