ഇരിട്ടി : ഇരിട്ടി പോലീസ് സേനയ്ക്ക് നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻ.95 മാസ്ക്കുകൾ വിതരണം ചെയ്തു . കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ, പോലീസ് , അഗ്നി രക്ഷാസേന ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന എൻ. 95 മാസ്ക്ക് വിതരണത്തിൻ്റെ ഭാഗമായാണ് ഇരിട്ടി പോലീസിന് മാസ്ക്കുകൾ വിതരണം ചെയ്തത്. ഇരിട്ടി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇരിട്ടി ഡി വൈ എസ് പി. പ്രിൻസ് ഏബ്രഹാമിന് മാസ്ക്കുകൾ കൈമാറി.
പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.പി. കുഞ്ഞൂഞ്ഞ് അധ്യക്ഷനായി . സന്തോഷ് കോയിറ്റി പദ്ധതി വിശദീകരിച്ചു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജെ.വിനോയ്, പ്രിൻസിപ്പൽ എസ്.ഐ.ദിനേശൻ കൊതേരി, കീഴ്പ്പള്ളി വൈസ് മെൻസ് ക്ലബ്ബ് പ്രതിനിധി മാത്തുക്കുട്ടി പന്തപ്ലാക്കൽ, സാക് കമ്പ്യൂട്ടർ അക്കാദമി മാനേജിംഗ് ഡയറക്ടർ കെ.അബ്ദുള്ള, നൻമ ഭാരവാഹികളായ ഹരീന്ദ്രൻ പുതുശേരി, കെ.മോഹനൻ, കെ.സുരേശൻ മാസ്റ്റർ,എ.ആർ.സുജ, കെ.പ്രസന്ന എന്നിവർ സംസാരിച്ചു
സെപ്തംബർ 21 ന് വൈകീട്ട് 2 മണിക്ക് ഇരിട്ടി സാക്ക് കമ്പ്യൂട്ടർ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകർക്കും, അഗ്നി രക്ഷാ സേനാംഗങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കുമുള്ള മാസ്ക്ക് വിതരണം ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ നന്മ പബ്ലിക് ലൈബ്രറിയിലേക്ക് ഇരിട്ടി ലയൺസ് ക്ലബ്ബ് നൽകുന്ന കാരംസ് ബോർഡുകൾ ലയൺസ് ക്ലബ്ബ് ഭാരവാഹികളും ഓഫിസ് ഫർണിച്ചറുകൾ എൻ.ഐ.സുധാകരനും നൻമ ഭാരവാഹികൾക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.