ശ്രീകണ്ഠപുരം : തിരുവനന്തപുരത്തു നിന്ന് മണൽവാരാനായി കുറുമാത്തൂരിൽ എത്തിയതാണ് പാറമ്മൽ പുതിയപുരയിൽ ഗോപകുമാർ. ഇന്നലെ രാവിലെ തേർളായി പുഴയിൽ മുങ്ങിയ സ്കൂൾ വിദ്യാർഥിയായ മിസ്ഹാബിന്റെ മൃതദേഹം പുറത്തെടുത്തത് ഗോപകുമാറായിരുന്നു. ഈ പ്രദേശത്ത് അടുത്തടുത്തായി ഇത്തരത്തിൽ ഉണ്ടായ നാലു ദുരന്തങ്ങളിലും ഗോപകുമാർ മുങ്ങാൻ ഉണ്ടായിരുന്നു. 3 വർഷം മുൻപ് കുറുമാത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനെ മുങ്ങി പുറത്തെടുത്തു. ഒന്നര വർഷം മുൻപ് കുറുമാത്തൂർ സ്വദേശിയായ യുവാവിനെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത് ഗോപകുമാർ തന്നെ. കഴിഞ്ഞ ജൂലൈ 21ന് തൃശൂരിൽ നിന്ന് ഇവിടെ ഒരു വീട്ടിൽ എത്തിയ മെഡിക്കൽ വിദ്യാർഥി സംഘത്തിൽ ഒരാൾ ഒഴുക്കിൽപെട്ടപ്പോഴും പുറത്തെടുത്തത് ഇദ്ദേഹം തന്നെ.
ഇന്നലെ രാവിലെ ജോലിക്കു പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു തേർളായി പുഴയിൽ മുങ്ങിയ വിദ്യാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വിവരം അറിയുന്നത്. ഉടൻ പുഴക്കരയിലേക്ക് നീങ്ങി. അടുത്തടുത്ത് ഇവിടെ ഉണ്ടായ നാല് പുഴ ദുരന്തങ്ങളിലും അകപ്പെട്ടവരെ പുറത്തെത്തിച്ച ഗോപകുമാറിനെ തേർളായി ദ്വീപിൽ ആദരിക്കുമെന്ന് പഞ്ചായത്ത് അംഗം മൂസാൻകുട്ടി തേർളായി അറിയിച്ചു. ഭാര്യയും, കുട്ടിയോടുമൊപ്പം മണൽവാരാനായി തിരുവനന്തപുരത്തു നിന്ന് ഇവിടെ എത്തി വാടക വീട്ടിൽ താമസിക്കുകയാണ്. ഇപ്പോൾ മണൽ വാരൽ ഇല്ലാത്തത് കൊണ്ട് മറ്റ് പല തൊഴിലുകളും ചെയ്താണു ജീവിക്കുന്നത്.