ഇരിക്കൂർ : കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമാണ പ്രവർത്തികൾ നടക്കുന്ന ഇരിക്കൂർ നിയോജക മണ്ഡലത്തിലെ റോഡ് പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി സജീവ് ജോസഫ് എം എൽ എ അറിയിച്ചു.
നിലവിൽ ഈ ഫണ്ടുപയോഗിച്ച് നാല് റോഡുകളുടെ പ്രവർത്തികളാണ് നടന്നു വരുന്നത്. ഒടുവള്ളിത്തട്ട് – നടുവിൽ- കുടിയാൻമല റോഡ് (21 കോടി), തളിപ്പറമ്പ്- ശ്രീകണ്ഠപുരം – ഇരിട്ടി സംസ്ഥാന പാത (35 കോടി), കാവുമ്പായി – നിടിയേങ്ങ- ചുഴലി -പൂവ്വം – കരിവെള്ളൂർ റോഡ് (10 കോടി), ഉളിക്കൽ – കേയാപറമ്പ്- പേരട്ട തൊട്ടിൽപ്പാലം റോഡ് (13 കോടി) എന്നിവയാണ് ഈ പ്രവർത്തികൾ. നാഷണൽ ഹൈവേ വിഭാഗത്തിനാണ് നിർമാണ ചുമതല. ഇതിൽ നിർമാണം നടന്നുകൊണ്ടിരിക്കെ കേയാപറമ്പ് ഭാഗത്ത് പ്രകൃതിദത്തമായ ഗുഹ കണ്ടെത്തിയതിനെ തുടർന്ന് ഉളിക്കൽ – പേരട്ട റോഡിൻ്റെ നിർമാണം താൽക്കാലികമായി നിലച്ചുപോയിരുന്നു. ഇതിനെ തുടർന്ന് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് പ്രവർത്തി നടത്താൻ എം എൽ എ സർക്കാറിൽ നിവേദനം നൽകിയിരുന്നു.
പിന്നീട് നാഷണൽ ഹൈവേ ചീഫ് എഞ്ചിനീയറെ നേരിട്ട് കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ എൻ എച്ച് വിഭാഗം തന്നെ ഫണ്ട് അനുവദിച്ച് പ്രവർത്തി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.റോഡ് പ്രവർത്തികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയർ അശോക് കുമാറിൻ്റെ നേതൃത്യത്തിലുള്ള ഉന്നതതല സംഘം മൂന്ന് റോഡുകളും സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തിയതായും സജീവ് ജോസഫ് എം എൽ എ അറിയിച്ചു.