ഉളിക്കൽ : സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരിമാർ ചേർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ഉളിക്കൽ കല്ലുവയൽ റോഡിലെ താമസക്കാരനായ കളരിക്കൽ ജോസാണ് തന്റെ ഭാര്യ പുഷ്പാ ജോൺ (46 ) നെ തന്റെ രണ്ട് സഹോദരിമാർ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി ഉളിക്കൽ പോലീസിൽ പരാതി നൽകിയത്. വെട്ടുകത്തികൊണ്ട് തലക്ക് മാരകമായി മുറിവേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇരിട്ടിയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10:30 തോടെ ആയിരുന്നു അക്രമം. സഹോദരിമാരായ മണിക്കടവിലെ മെറ്റി, ഷീനാ സെനിത്ത് എന്നിവർ ചേർന്ന് തന്റെ വീട്ടിൽ മക്കളായ അമിത്ത് , ആൻ മറിയ എന്നിവരുടെ മുന്നിലിട്ട് വാക്കത്തി കൊണ്ട് വെട്ടുകയും നെഞ്ചിനും മറ്റും ചവിട്ടുകയായിരുന്നു എന്നും ജോസ് പറഞ്ഞു.
വീട്ടിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന മക്കളെയും ഇവർ ചവിട്ടിയും തല്ലിയും ഉപദ്രവിച്ചു.
കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഈ സമയം ജോസ് സ്‌കൂളിൽ പോയിരിക്കുകയായിരുന്നു. ഫോൺ വിളിച്ചു പറഞ്ഞതനുസരിച്ച് വീട്ടിലെത്തുമ്പോഴേക്കും സഹോദരിമാർ രണ്ടുപേര് സ്‌കൂട്ടറിൽ സ്ഥലം വിട്ടു. വീട്ടിനകത്തുനിന്ന് ചോരയിൽ കുളിച്ചുകിടന്ന പുഷ്പയേയും ജോണിനെയും ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് ജോസ് പറഞ്ഞു.
തനിക്ക് പിതാവ് തന്റെ പേരിൽ വിട്ടുതരികയും ആധാരം അടക്കം രജിസ്റ്റർ ചെയ്തു തരികയും ചെയ്ത വീട്ടിൽ നിന്നും ഞാനും കുടുംബവും ഒഴിഞ്ഞു പോകണം എന്ന് പറഞ്ഞാണ് ഇവർ കുറച്ചു കാലമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്നാണ് ജോസ് പറയുന്നത്. ഇതിനു മുൻപ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിൻെറ പേരിൽ കഴിഞ്ഞ സെപ്തംബർ 17 ന് ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നതായും ഇതിൽ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നും ജോസ് പറഞ്ഞു.
ഇപ്പോഴത്തെ തന്റെ പരാതിയിൽ ഉളിക്കൽ പോലീസ് ആശുപത്രിയിലെത്തി പുഷ്പത്തിൻെറയും ജോണിൻെറയും മൊഴിയെടുത്തു. വിദ്യാർത്ഥികളായ പിഞ്ചു മക്കളുടെ മുന്നിലിട്ടു അക്രമം നടത്തിയതിനും അവരെ ഉപദ്രവിച്ചതിനും ചൈൽഡ് ലൈനിൽ പരാതി നൽകിയതായും ജോസ് പറഞ്ഞു.