കണ്ണൂർ : കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞ തിയറ്ററുകൾ 25 മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ ജില്ലയിലെ തിയറ്ററുകൾ അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ്. പകുതി സീറ്റുകളിൽ മാത്രം കാണികൾക്ക് ഇരിക്കാൻ അനുമതി നൽകിയാണു പ്രവേശനം. ജീവനക്കാർ 2 ഡോസ് കോവിഡ് പ്രതിരോധ വാക്സീൻ എടുക്കണം. കാണികൾക്കും 2 ഡോസ് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.
ഇതര ഭാഷാ ചിത്രങ്ങൾ
25 മുതൽ തിയറ്ററുകൾ തുറക്കാനാണ് അനുമതിയെങ്കിലും 29നു മാത്രമേ ചലച്ചിത്രങ്ങൾ തിയറ്ററുകളിൽ എത്തൂ. ആദ്യഘട്ടത്തിൽ മലയാള ചലച്ചിത്രങ്ങൾ കാര്യമായി ഉണ്ടാകാനിടയില്ല. റിലീസിനു തയാറായ പുതിയ മലയാള ചിത്രങ്ങൾ ഇല്ലാത്തതാണു കാരണം. തൽക്കാലം മലയാളം ചിത്രം വിതരണത്തിന് എത്തിക്കേണ്ടെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. സാമ്പത്തിക നഷ്ടം സഹിച്ച് തട്ടിക്കൂട്ട് മലയാള ചിത്രങ്ങൾ ഇപ്പോൾ പ്രദർശിപ്പിക്കേണ്ട എന്നാണ് തിയറ്റർ ഉടമകളുടെ അഭിപ്രായം. അന്യഭാഷാ ചിത്രങ്ങൾ ആദ്യ നാളിൽ റിലീസ് ചെയ്യും. തമിഴ്, ഹിന്ദി ചിത്രങ്ങൾ എത്തിക്കാൻ വിതരണക്കാർ തയാറായിട്ടുണ്ട്്. അതു കഴിഞ്ഞായിരിക്കും മലയാള ചിത്രങ്ങളുടെ വരവ്.
താണ്ടണം കടമ്പകൾ
തിയറ്ററിൽ പ്രദർശനം നിലച്ചതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് നടത്തിപ്പുകാർക്ക് ഉണ്ടായത്. അടച്ചിട്ട കാലത്തും വൈദ്യുതി ബിൽ അടയ്ക്കേണ്ടി വന്നത് കൂടുതൽ പ്രതിസന്ധിയിലാക്കി. പല തിയറ്ററുകളുടെയും സൗണ്ട് സിസ്റ്റം തകരാറിലായി. ഇത് നന്നാക്കാൻ തന്നെ വലിയ തുക വേണം. കെട്ടിടം, ഇരിപ്പിടം, യന്ത്രം എന്നിവയുടെ അറ്റകുറ്റപ്പണിക്കും വൻതുക ചെലവിടേണ്ടി വരും. പാതി സീറ്റുകളിൽ മാത്രമാണ് പ്രവേശനമെങ്കിലും ചെലവ് പഴയത് പോലെ തന്നെയാണ്. സാമ്പത്തിക സഹായം സർക്കാർ അനുവദിക്കണമെന്നാണ് തിയറ്റർ ഉടമകളുടെ ആവശ്യം.
തുറന്നും അടഞ്ഞും തിയറ്ററുകൾ
കോവിഡ് ഇളവിനെ തുടർന്നു കഴിഞ്ഞ ജനുവരി 13 മുതലാണു തിയറ്ററുകളിൽ വീണ്ടും പ്രദർശനം തുടങ്ങിയത്. തമിഴ് ചലച്ചിത്രം മാസ്റ്റർ ആയിരുന്നു ആദ്യ ചിത്രം. 10 വയസ്സിന് താഴെയുള്ളവർക്കും പ്രായമുള്ളവർക്കും തിയറ്ററിലെത്താൻ അനുമതിയുണ്ടായിരുന്നില്ല. ഫെബ്രുവരി ആദ്യവാരം ആയപ്പോഴേക്കും കാണികൾ നന്നേ കുറഞ്ഞു. രണ്ടാംഘട്ട ലോക്ഡൗണിൽ ഏപ്രിൽ അവസാനത്തോടെ തിയറ്ററുകൾക്കു വീണ്ടും താഴുവീണു. 6 മാസത്തിനു ശേഷമാണ് വീണ്ടും തിയറ്ററുകൾ സജീവമാകാൻ പോകുന്നത്.