കണ്ണൂർ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാൽസംഗം ചെയ്ത ശേഷം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ മുങ്ങിയ പ്രതി 16 വർഷത്തിനു ശേഷം പിടിയിൽ. കാസർകോട് ചെറുവത്തൂർ കൈതക്കാട് സ്വദേശി എം.പി.രാകേഷി (41)നെയാണു ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ചെറുവത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
2005 സെപ്റ്റംബർ 3നു കണ്ണൂർ പള്ളിക്കുന്നിലെ 14, 15 വയസ്സുള്ള സഹോദരങ്ങളെ പ്രലോഭിപ്പിച്ച് സുഹൃത്തിനൊപ്പം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയാണ് ഇയാൾ എന്നു പൊലീസ് പറഞ്ഞു. മൈസൂരുവിലും ചെന്നൈയിലും കൊണ്ടു പോയി പെൺകുട്ടികളെ പീഡിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവ ശേഷം വിദേശത്തും മറ്റും ഒളിവിൽ പോയ പ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായുള്ള വിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.